തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്‌ച (20-05-2023) വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് അലർട്ടുകൾ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും സംസ്ഥാനത്ത് ഉയർന്ന താപനില തുടരും.
സാധാരണ താപനിലയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗ സമാന സാഹചര്യവും, മോഖ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് സംസ്ഥാനത്ത് ചൂട് ഉയരാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അന്തരീക്ഷ ഈർപ്പം കൂടുതലായ സാഹചര്യത്തിലും അനുഭവപ്പെടുന്ന ചൂടും കൂടുമെന്നാണ് മുന്നറിയിപ്പ്.
ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉഷ്‌ണ തരംഗം ചെറുക്കാൻ തണ്ണീർ പന്തലുകൾ : കേരളത്തിൽ കനത്ത ചൂടിനെ തുടർന്ന് ഉഷ്‌ണ തരംഗം, സര്യാഘാതം എന്നിവയുടെ സാധ്യത ഉള്ളതിനാൽ തണ്ണീർ പന്തലുകൾ തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിർദേശം നൽകിയിരുന്നു. മെയ് മാസം വരെ തണ്ണീർ പന്തലുകൾ പ്രവർത്തിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. സംഭാരം, തണുത്ത വെള്ളം, ഒആർഎസ് എന്നിവയാകും തണ്ണീർപന്തലുകളിൽ വിതരണം ചെയ്യുന്നത്.
ജില്ലകളിൽ എവിടെയാണ് തണ്ണീർ പന്തലുകൾ ഉള്ളതെന്ന് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകും. 15 ദിവസത്തിനുള്ളിൽ തണ്ണീർ പന്തലുകളുടെ പ്രവർത്തനം തുടങ്ങണം എന്നാണ് നിർദേശം. ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങളും സജ്ജീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾക്ക് കുടിവെള്ള വിതരണത്തിനായി തദ്ദേശവകുപ്പ് പ്ലാൻ ഫണ്ട് വിനിയോഗിക്കാൻ അനുമതി നൽകി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഉഷ്‌ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ തയ്യാറാക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓരോ വകുപ്പിനും ചുമതലകൾ നിശ്ചയിച്ചു.
വില്ലനായി ഉഷ്‌ണതരംഗവും : കടുത്ത വേനലിൽ കത്തി നിൽക്കുകയാണ് ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ. തെലങ്കാനയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസാണ്. നൽഗൊണ്ട, ഭൂപാലപള്ളി, ജയശങ്കർ തുടങ്ങിയ ജില്ലകളിൽ പലയിടത്തും കടുത്ത ചൂടാണ്. വൈകിട്ട് അഞ്ച് മണി വരെ താപനില ഒരേ നിലയിൽ തുടരുകയാണ്. ആന്ധ്രാപ്രദേശിൽ ഉയർന്ന താപനലി 46 ഡിഗ്രി കടന്നു. നെല്ലൂർ, കൃഷ്‌ണ പ്രകാശം തുടങ്ങിയ ജില്ലകളിലാണ് താപനില 46 ഡിഗ്രി കടന്നത്. ഇതിനകം ഇരു സംസ്ഥാനങ്ങളിലും സൂര്യാഘാതമേറ്റ് മരിച്ചത് 6 പേരാണ്. ഇന്നും വെയിലിന്‍റെ തീവ്രത വർധിക്കും എന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
More read : 'തീച്ചൂള'യായി തെലങ്കാനയും ആന്ധ്രാപ്രദേശും ; സൂര്യാഘാതത്തിൽ മരിച്ചത് 6 പേർ, ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെ