തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗത്തിൽ ജോഗ്രഫി ഐശ്ചിക വിഷയമായി പഠിപ്പിക്കുന്ന സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ് സമ്രഗ ശിക്ഷ കേരളം (SSK) വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള സ്‌കൂൾ വെതർ സ്റ്റേഷൻ. തിരുവനന്തപുരം ജില്ലയിൽ എസ്‌എംവി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളുൾപ്പെടെ 34 വിദ്യാലയങ്ങളിലാണ് വെതർ സ്റ്റേഷൻ നിലവിലുള്ളത്. അതത് പ്രദേശത്തെ ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും കൃത്യമായും മുൻകൂട്ടിയും കുട്ടികൾക്ക് തന്നെ പരിശോധിക്കാനും ഡാറ്റ തയാറാക്കുന്നതിനും സ്‌കൂൾ വെതർ സ്റ്റേഷനുകൾ വഴി സാധ്യമാകും.
അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെര്‍മോമീറ്ററുകള്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള വെറ്റ് ആര്‍ ഡ്രൈ ബള്‍ബ് തെര്‍മോമീറ്റർ, മഴയുടെ തോത് അളക്കുന്നതിനുള്ള മഴമാപിനി, കാറ്റിന്‍റെ ദിശ അറിയുന്നതിനായുളള വിന്‍ഡ് വെയ്ൻ, കാറ്റിന്‍റെ വേഗത നിശ്ചയിക്കുന്ന കപ്പ് കൗണ്ടര്‍ അനിമോമീറ്റർ തുടങ്ങി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങളാണ് സ്‌കൂൾ വെതര്‍ സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളില്‍ പ്രാദേശിക കാലാവസ്ഥ മനസിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള താൽപര്യം വളർത്തിയെടുക്കുന്നതിനും വെതര്‍ സ്റ്റേഷനുകള്‍ സഹായിക്കുമെന്ന് അധ്യാപകരും പറയുന്നു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD), കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA), കോഴിക്കോട് ആസ്ഥാനമായ സിഡബ്ല്യുആർഡിഎം (CWRDM) എന്നിവരുടെ മാർഗനിർദേശങ്ങളും വെതർ സ്റ്റേഷനുകൾക്ക് ലഭിക്കുന്നുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ 240 പൊതുവിദ്യാലയങ്ങളിലാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്.