തിരുവനന്തപുരം: ചൂട് കനത്തതോടെ വെള്ളനാട് ഗ്രാമപഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമാകുന്നു. വേനൽ രൂക്ഷമായതോടെ വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ പല പ്രദേശങ്ങളും വറ്റിവരണ്ടു. ഉയർന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾ ആശ്രയിക്കുന്നത് പഞ്ചായത്തിന്‍റെ ജല വിതരണത്തെയാണ്. എന്നാൽ ജല വിതരണം താറുമാറായതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
ഇതോടെ മൈലുകൾ താണ്ടി കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് പല കുടുംബങ്ങളും. നിലവിൽ കുതിരകളം കുടിവെള്ള പദ്ധതിയിൽ നിന്നാണ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്. എന്നാൽ ഇത് കൃത്യമായി വരാത്തതിനാൽ നാട്ടുകാർക്ക് പ്രയോജനം ലഭിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.
2017ലെ വരൾച്ചാ സമയത്ത് പഞ്ചായത്തിൽ നിന്ന് ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ടാങ്കറുകളിൽ വെള്ളം എത്തിക്കുമായിരുന്നു. എന്നാൽ അത്തരം സംവിധാനങ്ങൾ ഇപ്പോള്‍ നിലവിലില്ല. സർക്കാരിന്‍റെ ജലമിഷൻ പോലുള്ള പദ്ധതികൾ പഞ്ചായത്തിൽ പ്രാവർത്തികമാക്കാൻ ജനപ്രതിനിധികൾക്ക് സാധിക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് നാട്ടുകാർ.