തിരുവനന്തപുരം : നിയമസഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ചുചേർത്ത കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്. നിരന്തരം റൂൾ 50 പ്രകാരമുള്ള നോട്ടിസ് തള്ളുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷനേതാവ് വിമർശിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് സംസാരിച്ചത്. എല്ലാകാര്യത്തിലും റൂൾ 50 അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
റൂൾ50 പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്നും അത് അനുവദിച്ചില്ലെങ്കിൽ സഭ നടത്താൻ അനുവദിക്കില്ലെന്നും വിഡി സതീശന്‍ മറുപടി നൽകി. പ്രതിപക്ഷ നേതാവ് എന്തിനാണ് വൈകാരികമായും പ്രകോപനപരമായും സംസാരിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. നിയമസഭയിൽ അടക്കം ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയോട് മറുചോദ്യമുന്നയിച്ചു.
ആദ്യമായി സഭയിൽ എത്തിയ എംഎൽഎമാരോട് പോലും മുഖ്യമന്ത്രി മോശമായാണ് സംസാരിക്കുന്നത്. മാത്യു കുഴല്‍നാടന്‍ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച് സംസാരിക്കുമ്പോൾ മൂന്നുവട്ടം ഇടപെടേണ്ട കാര്യമുണ്ടോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതോടെ ഭരണകക്ഷിയിലെ മറ്റ് അംഗങ്ങളും പ്രതിപക്ഷ നേതാവിനെതിരെ സംസാരിച്ചു.
നിയമ സഭയ്ക്കുള്ളിൽ സമാന്തരസഭ നടത്തിയതിലും ദൃശ്യങ്ങള്‍ മൊബൈലിൽ പകർത്തി പുറത്തുവിട്ടതിലും നടപടി വേണമെന്ന് ഭരണപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. തങ്ങളുടെ അവകാശം സംരക്ഷിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. ഇതോടെ രൂക്ഷമായ വാക് പോര് കക്ഷി നേതാക്കളുടെ യോഗത്തിലുണ്ടായി. ഇതിനുപിന്നാലെ സമവായത്തിലെത്താതെ യോഗം പിരിഞ്ഞു.