തിരുവനന്തപുരം: വേതനം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. മുന്നറിയിപ്പില്ലാതെ കമ്പനി വേതനവ്യവസ്ഥയിൽ മാറ്റം വരുത്തുകയായിരുന്നുവെന്ന് ജീവനക്കാർ ആരോപിച്ചു. പുതുക്കിയ വ്യവസ്ഥ പ്രകാരം ജോലിയില്‍ തുടരാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് കമ്പനി ഡെലിവറി ജീവനക്കാരുടെ വേതനം കുറച്ചത്. എന്നാൽ ലോക്ക് ഡൗണിന്‍റെ ആദ്യ നാളുകൾ ഒഴിച്ചാൽ മികച്ച വരുമാനം ലഭിച്ചുവെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
കൊറോണക്കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ പണിയെടുന്ന തങ്ങൾക്ക് കമ്പനി യാതൊരു ആനുകൂല്യവും നൽകിയിട്ടില്ല. പുതുക്കിയ വേതനവ്യവസ്ഥ പ്രകാരം വരുമാനം നേടുക പ്രായോഗികമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പഴയ വേതനവ്യവസ്ഥ പുനസ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കമ്പനി തീരുമാനം മാറ്റും വരെ ഓർഡറുകൾ സ്വീകരിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം.