തിരുവനന്തപുരം : പുന:സംഘടനയ്ക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസിന് തലവദനയായി വി.എം. സുധീരന്‍റെ രാജി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവച്ചത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുള്ള നേതാക്കളുടെ പൊതു നിലപാട്.
സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ വേണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അത് പരിഹരിച്ച് മുന്നോട്ട് പോകും. കെ.പി.പി.സി അധ്യക്ഷന്‍ എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
താരിഖ് അൻവർ കേരളത്തില്‍
നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചര്‍കള്‍ക്കായി എ.ഐ.സി.സി സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍ എത്തി. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുന്ന താരിഖ് അന്‍വര്‍ സുധീരനുമായും കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് ഒരു സമുദ്രം പോലെയാണെന്നും നേതാക്കള്‍ വരികയും പോവുകയും ചെയ്യുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. രാജി പിന്‍വലിക്കണമെന്ന് അദ്ദേഹത്തോടെ ആവശ്യപ്പെടും. പ്രശ്‌നം എന്തെന്ന് മനസിലാക്കി പരിഹരിക്കാന്‍ പറ്റുന്നതാണെങ്കില്‍ പരിഹരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ സംഘടന സംവിധാനമാണ് രാഷ്ട്രീയകാര്യ സമിതി. വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റായിരിക്കുമ്പോഴാണ് എ.ഐ.സി.സി 15 അംഗ രാഷ്ട്രീയകാര്യ സമിതിയെ നിയമിക്കുന്നത്. സംഘടനയുടെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് മുതിര്‍ന്ന നേതാക്കളെ അംഗങ്ങളാക്കി സമിതി തീരുമാനിച്ചത്. ഈ സമിതിയിലെ അംഗം തന്നെയാണിപ്പോള്‍ സംഘടനയില്‍ കൂടിയാലോചനയില്ലെന്ന് വിമര്‍ശനം ഉന്നയിച്ച് രാജിവച്ചിരിക്കുന്നത്.