തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് മൂന്നാം കപ്പൽ അടുത്തു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആറ് യാർഡ് ക്രെയിനുകളുമായി നവംബർ 10ന് ചൈനയിൽ നിന്ന് പുറപ്പെട്ട ഷെൻഹുവ-24 കപ്പൽ ബെർത്തിൽ നങ്കൂരമിട്ടു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അടുക്കുന്ന മൂന്നാമത്തെ കപ്പലാണ് ഷെൻഹുവ-24.
നേരത്തെ പുറംകടലിൽ എത്തിയ കപ്പലിനെ ടഗ് ഓഷ്യൻ സ്‌പിരിറ്റ്, രണ്ട് ഡോൾഫിൻ ടഗുകൾ എന്നിവ ഉപയോഗിച്ചാണ് ബെർത്തിലേക്ക് അടുപ്പിച്ചത്. തുറമുഖത്തേക്ക് ഈ ക്രെയിനുകൾ ഇറക്കുന്ന മുറയ്ക്ക് കപ്പൽ മടങ്ങുമെന്നാണ് അധികൃതർ നൽകുന്ന വിവരം. വിഴിഞ്ഞത്ത് അടുത്തിടെ എത്തിയ ഷെൻഹുവ-29 ബെർത്തിൽ അടുപ്പിക്കുന്നതിനുണ്ടായ കാലതാമസം ഇത്തവണ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഷെൻഹുവ-29ന് തുറമുഖത്ത് പ്രവേശിക്കാൻ കാലതാമസം നേരിടേണ്ടി വന്നത്. ഷെൻഹുവ-24 കൂടാതെ, വിഴിഞ്ഞം തുറമുഖത്തേക്ക് ഫെബ്രുവരിക്ക് മുമ്പ് ക്രെയിനുകളുമായി ആറ് കപ്പൽ കൂടി എത്തും. ഓരോ കപ്പലിനും പ്രത്യേകം അനുമതി ഉണ്ടെങ്കിലേ തുറമുഖത്ത് എത്താൻ സാധിക്കൂ. അനുമതി കിട്ടാത്ത പക്ഷം കപ്പൽ പുറംകടലിൽ നങ്കൂരമിടണം.
പുറംകടലിൽ കിടക്കുന്ന ഓരോ ദിവസവും 19 ലക്ഷം രൂപയോളമാണ് കപ്പലിന് ഉണ്ടാകുന്ന നഷ്‌ടം. എട്ട് ഷിഫ്റ്റ് ഷോറും 24 യാര്‍ഡ് ക്രെയിനുകളും ആണ് വിഴിഞ്ഞം തുറമുഖത്ത് ആവശ്യമുള്ളത്.
ഷെന്‍ഹുവ 15: ആദ്യ ചരക്കുകപ്പൽ സെപ്‌റ്റംബർ 1ന് ചൈനയിൽ നിന്ന് പുറപ്പെട്ട് ഒക്‌ടോബർ 15ന് തീരത്ത് എത്തിയിരുന്നു. കപ്പലില്‍ വിഴിഞ്ഞത്തെത്തിച്ച രണ്ട് യാര്‍ഡ് ക്രെയിനുകളും ഒരു ഷോര്‍ ക്രെയിനും തുറമുഖത്ത് ഇറക്കി ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഒക്ടോബർ 26ന് ആദ്യ കപ്പല്‍ തീരം വിട്ട് ഷാങ് ഹായി തുറമുഖത്തേക്ക് മടങ്ങിയത്. അതിന് പിന്നാലെയാണ് അതേ കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ ഷെൻഹുവ 29 ചൈനയിൽ നിന്ന് പുറപ്പെട്ടത്. അദാനി പോര്‍ട്‌സ് വിഴിഞ്ഞം തുറമുഖത്തേക്ക് ആവശ്യമായ ക്രെയിനുകള്‍ വാങ്ങുന്നത് ഇസഡ്‌പിഎംസി (ZPMC) എന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ്.
സെപ്‌റ്റംബര്‍ 12ന് പുറപ്പെട്ട ഷെന്‍ഹുവ 15 എന്ന പടു കൂറ്റന്‍ ചരുക്ക് കപ്പൽ വിഴിഞ്ഞം തുറമുഖത്തെ ആദ്യ ചരക്കു കപ്പല്‍ പരീക്ഷണം ആയിരുന്നു. ഒക്‌ടോബർ 15ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കപ്പലിന് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു.