തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന തുറമുഖ വിരുദ്ധ സമരത്തിൽ തിരക്കിട്ട സമവായ നീക്കവുമായി സംസ്ഥാന സർക്കാർ. സമരസമിതിയുമായി തിരക്കിട്ട ചർച്ചകളാണ് സർക്കാറും സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരും നടത്തുന്നത്. സമരം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു.
ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ചർച്ചകൾക്കായി നിയോഗിച്ച മന്ത്രിസഭ ഉപസമിതിയുടെ യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരുടെ നേതൃത്വത്തിലും തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്. മന്ത്രി ആന്‍റണി രാജു, മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവയെ കണ്ടു. ചര്‍ച്ചയ്ക്ക് ശേഷം ആന്‍റണി രാജു മുഖ്യമന്ത്രിയുമായും കൂടിക്കാഴ്‌ച നടത്തി.
കഴിഞ്ഞ ദിവസം മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തിയിരുന്നു. പദ്ധതി മൂലം മാറി താമസിക്കുന്നവരുടെ വാടക നൽകാനുള്ള സഹായം 5,500ൽ നിന്ന് 8,000 ആയി ഉയർത്താൻ സർക്കാർ തീരുമാനമായിട്ടുണ്ട്. മറ്റ് കാര്യങ്ങളിലെ തിരക്കിട്ട തീരുമാനങ്ങൾക്കായാണ് ഉപസമിതി ചേരുന്നത്. നിർണായകമായ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.