തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന്‍റെ പണി തടസപ്പെട്ടത് മൂലം 100 കോടി നഷ്‌ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. നഷ്‌ടക്കണക്ക് അദാനി ഗ്രൂപ്പ് സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. പണി തടസപ്പെടുന്ന സാഹചര്യത്തിൽ അടുത്ത വർഷവും പദ്ധതി പൂർത്തിയാക്കാനാകുമോ എന്ന ആശങ്കയും അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് 53 ദിവസമായി ലത്തീൻ സഭയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഈ ദിവസങ്ങളിൽ പണി തടസപ്പെട്ടതുൾപ്പെടെയാണ് 100 കോടിയുടെ നഷ്‌ടക്കണക്ക് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചത്. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ വരെയുള്ള 45 ദിവസം കൊണ്ട് മാത്രം 78 കോടിയാണ് നഷ്‌ടം.
പണി മുടങ്ങിയ ദിവസങ്ങളിൽ തൊഴിലാളികളുടെ വേതനം, ഡ്രഡ്‌ജിങ് തുടങ്ങിയവയ്ക്കുള്ള യന്ത്രങ്ങളുടെ മെയിൻ്റനൻസ് എന്നിങ്ങനെയാണ് 100 കോടി നഷ്‌ടം കണക്കാക്കുന്നത്. 1000 ദിവസം കൊണ്ട് പണി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ഇപ്പോൾ 7 വർഷമായിട്ടും പൂർത്തിയായിട്ടില്ല. ഇനിയും പണി തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ അടുത്ത വർഷവും പദ്ധതി യാഥാർഥ്യമാകില്ലെന്ന ആശങ്കയും അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്‍റെ നഷ്‌ടക്കണക്ക് സർക്കാരിന് വലിയ വെല്ലുവിളിയാണ്. നിര്‍മാണം കൃത്യസമയത്ത് തീര്‍ത്തില്ലെങ്കിൽ അദാനി ഗ്രൂപ്പ് സര്‍ക്കാരിനും നിര്‍മാണത്തിന് വേണ്ട സാഹചര്യം ഒരുക്കിയില്ലെങ്കിൽ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനും നഷ്‌ടപരിഹാരം നൽകണമെന്നാണ് കരാര്‍.