തിരുവനന്തപുരം : മത്സ്യബന്ധനത്തിന് പോയ സംഘത്തിന് ഉള്‍ക്കടലില്‍ നിന്ന് തിമിംഗല ഛര്‍ദി (ആംബര്‍ഗ്രീസ്) ലഭിച്ചു . തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയ ഒന്‍പതംഗ സംഘത്തിനാണ് ആംബര്‍ഗ്രീസ് ലഭിച്ചത്. തീരത്തുനിന്നും 32 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ ഒഴുകുന്ന നിലയിലായിരുന്നു.
26.51 കിലോഗ്രാം ഭാരം വരുന്നതാണ് തിമിംഗല ഛര്‍ദി. ലോകമാര്‍ക്കറ്റില്‍ കോടികള്‍ വിലമതിക്കുന്ന ഇത് ഉപയോഗിക്കുന്നതിന് നിയമപ്രശ്‌നങ്ങളുണ്ട്. വിഴിഞ്ഞം സ്വദേശി ലോറന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് ആംബര്‍ഗ്രീസ് മത്സ്യത്തൊഴിലാളികള്‍ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ വിവരം മറൈന്‍ എന്‍ഫോഴ്‌സ്മെന്‍റിന് കൈമാറി.
അവരുടെ നിര്‍ദേശത്തെതുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കൂടുതല്‍ പരിശോധന നടത്തിയത്. പരുത്തിപള്ളി റേഞ്ച് ഓഫിസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.കെ ബിന്ദു, വാച്ചർമാരായ സുഭാഷ്, നിഷാദ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ തിമിംഗല ഛര്‍ദി തൂക്കി തിട്ടപ്പെടുത്തി.
ഇത് കൂടുതല്‍ പരിശോധനകള്‍ക്കായി ആര്‍.ജി.സി.ബി ലാബിലേക്ക് ആയക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കേരള തീരത്തുനിന്ന് രണ്ടാം തവണയാണ് ഇങ്ങനെ ലഭിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജനുവരി 12 -ന് കോവളം ഹവ്വാ ബീച്ചിൽ തീരത്തോടുചേർന്ന് നേരത്തെ മെഴുക് രൂപത്തിലുള്ള വസ്‌തു കണ്ടെത്തിയിരുന്നു. ഇത് ആംബർ ഗ്രീസാണെന്ന് സംശയിച്ചെങ്കിലും പരിശോധനയിൽ അതല്ലന്ന് തെളിഞ്ഞു.
ആംബര്‍ഗ്രീസ് : തിമിംഗലത്തിന്‍റെ കുടലിൽ രൂപപ്പെടുന്ന ആംബർഗ്രീസ്, വിസർജ്യമാണെന്നാണ് വിദഗ്‌ധര്‍ അവകാശപ്പെടുന്നത്. തിമിംഗലങ്ങളിൽ ദഹനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന സ്വാഭാവിക ഉത്പന്നമാണിത്. വന്യജീവി സംരക്ഷണ പട്ടികയിൽ ഷെഡ്യൂൾ 2-ൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവ കൈവശം വയ്ക്കുന്നതോ വിൽക്കുന്നതോ നിയമപരമായി കുറ്റകരമാണ്. പെര്‍ഫ്യൂം നിര്‍മാണത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.