തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് (vizhinjam international seaport) ലോകത്തെ മറ്റ് വന്‍കിട തുറമുഖങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് വിഴിഞ്ഞം അദാനി പോര്‍ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) രാജേഷ്‌കുമാര്‍ ഝാ (Vizhinjam CEO On Port). ഓസ്‌ട്രേലിയയില്‍ ഉള്‍പ്പെടെ ലോകത്ത് 18 തുറമുഖങ്ങള്‍ നടത്തി പരിചയമുള്ള അദാനിക്ക് എതിരാളികളെ കൈകാര്യം ചെയ്‌ത് നല്ല പരിചയമുണ്ട്. ഈ പരിചയം വിഴിഞ്ഞത്തിന്‍റെ കാര്യത്തില്‍ പ്രയോജനം ചെയ്യും. ലാഭത്തിന്‍റെ കാര്യത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെങ്കിലും എത്രയും വേഗത്തില്‍ പ്രവര്‍ത്തന ലാഭത്തിലെത്തിക്കാനാകും പരിശ്രമമെന്ന് ഝാ പറഞ്ഞു.
വിഴിഞ്ഞം രാജ്യത്തിനകത്തെ ചരക്കു നീക്കമാണ് പ്രധാനമായി കൈകാര്യം ചെയ്യുക. വിഴിഞ്ഞത്തിന്‍റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ളത് 2024 ഡിസംബറിലാണെങ്കിലും 2024 മെയ് മാസത്തില്‍ പദ്ധതിയുടെ ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിക്കും. ഇപ്പോള്‍ വിഴിഞ്ഞത്ത് ക്രെയിനും വഹിച്ചുകൊണ്ട് കപ്പലെത്തിയതു പോലെ ഒന്നാം ഘട്ടം പ്രവര്‍ത്തന സജ്ജമാകുന്ന മെയ് മാസത്തിനുള്ളില്‍ ഇത്തരത്തില്‍ 15 കപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേരും.
പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ വര്‍ഷത്തില്‍ വിഴിഞ്ഞത്തെ ചരക്കു നീക്കം 6000 ടിഇയു(ട്വിന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) ആയിരിക്കും. ഇത് ഒരു ദശലക്ഷം ടിഇയു ആയും പിന്നീട് ഒന്നര ദശലക്ഷം ടിഇയു ആയും വര്‍ധിപ്പിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ചരക്കു നീക്കം ഒന്നര ദശലക്ഷം യൂണിറ്റില്‍ നിന്ന് 2.5 ലക്ഷം ടിഇയു ആയും മൂന്നാം ഘട്ടം തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 3 ദശലക്ഷം ടിയുഇ ആയും ഉയരും.
വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ തെക്കേയറ്റത്താണ്. അതിനാല്‍ ഇവിടെ നിന്ന് പശ്ചിമ-പൂര്‍വ്വ ദേശങ്ങളിലേക്ക് ചരക്കു നീക്കം സുഗമമാക്കാന്‍ കഴിയും. വിഴിഞ്ഞം എന്നത് ഒരു ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമാണ്. ചരക്കുകള്‍ ഇവിടെയെത്തിച്ച ശേഷം മറ്റ് കപ്പലുകളില്‍ കയറ്റി ലോകത്തെയും രാജ്യത്തെയും മറ്റു തുറമുഖത്ത് എത്തിക്കുകയാണ് ചെയ്യുക. ചരക്കുകളുടെ 90 ശതമാനവും ജലമാര്‍ഗം തന്നെയാണ് നീക്കുന്നത്. ഇതിന്‍റെ 10 ശതമാനം മാത്രമായിരിക്കും റെയില്‍, റോഡ് മാര്‍ഗം വഴി നീക്കുക.
വിഴിഞ്ഞം തുറമുഖത്തെ ഹൈവേയുമായി ബന്ധപ്പെടുത്തുന്ന 1.7 കിലോമീറ്റര്‍ റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. 500 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. 1200 മീറ്റര്‍ നിര്‍മാണം അടുത്തവര്‍ഷം തുറമുഖത്തിന്‍റെ ഒന്നാം ഘട്ടത്തോടൊപ്പം പൂര്‍ത്തിയാകും. റെയില്‍വേ നിര്‍മാണം പരിസ്ഥിതി അനുമതി ഘട്ടത്തിലാണ്.
നിരവധി കപ്പല്‍ കമ്പനികളാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണ പുരോഗതി സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നത്. ഷിപ്പിങ് കമ്പനികള്‍ വിഴിഞ്ഞത്തിനായി കാത്തിരിക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ പ്രത്യക്ഷത്തില്‍ 650 പേര്‍ക്കും പരോക്ഷമായി 5000 പേര്‍ക്കും ജോലി ലഭിക്കും. അദാനി ഇതുവരെ നടപ്പാക്കിയതില്‍ ഏറ്റവും കടുപ്പമേറിയ പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് രാജേഷ്‌കുമാര്‍ ഝാ പറഞ്ഞു.