തിരുവനന്തപുരം: വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിനെ തിരിച്ചറിഞ്ഞു. കന്യാകുമാരി മണവാളകുറിച്ചി സ്വദേശി ഡോക്‌ടർ എം. പ്രദീപ് കുമാർ, ബന്ധുവായ എൻ. രമേശൻ എന്നിവർക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ മാസം 15ന് ബന്ധുവിനെ വിളിക്കാൻ ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഒന്നാം സമ്മാനത്തിനു അർഹമായ HB 727990 എന്ന ടിക്കറ്റെടുത്തത്.
ടിക്കറ്റുമായി ഇരുവരും ലോട്ടറി ഡയറക്‌ടറേറ്റിൽ എത്തിയപ്പോഴാണ് ഭാഗ്യശാലികളെ തിരിച്ചറിഞ്ഞത്. സമ്മാനം ലഭിച്ച വിവരം നറുക്കെടുത്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നു. കുടുംബത്തിൽ ഒരു മരണം ഉണ്ടായതിനാലാണ് ടിക്കറ്റുമായി എത്താൻ വൈകിയതെന്ന് ഇരുവരും പറഞ്ഞു.
സമ്മാന തുക തുല്യമായി പങ്കിട്ടെടുക്കും. ഒട്ടേറെ കടബാധ്യതകൾ ഉണ്ട്, അതൊക്കെ സമ്മാനത്തുക ഉപയോഗിച്ച് തീർക്കുമെന്നും ഡോക്‌ടറും രമേശനും പറഞ്ഞു. 10 കോടി രൂപയാണ് വിഷു ബംബറിന്‍റെ ഒന്നാം സമ്മാനം. സമ്മാനത്തുക കൈപ്പറ്റുന്നതിനായി ഇരുവരും ചേർന്നുള്ള ജോയിന്‍റ് അക്കൗണ്ട് ലോട്ടറി ഡയറക്‌ടറേറ്റിൽ നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇരുവർക്കും ലഭിക്കുക.
Also Read വിഷു ബമ്പർ നറുക്കെടുപ്പ് : പത്ത് കോടിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്