തിരുവനന്തപുരം: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ വലയുകയാണ് ഒരു ഗ്രാമമൊട്ടാകെ. വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിലെ ജനങ്ങളാണ് ജലദൗര്‍ലഭ്യത്താല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാൽ കുടിവെള്ളക്ഷാമം മൂലം ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
ഉയർന്ന പ്രദേശമായതിനാൽ വേനൽ ആരംഭിച്ചപ്പോൾ തന്നെ കിണറുകൾ പലതും വറ്റിവരണ്ടിരുന്നു. ഇതോടെ പഞ്ചായത്തിന്‍റെ കുടിവെള്ള വിതരണത്തെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലായി. എന്നാൽ കുടിവെള്ള വിതരണം നിലച്ചതിനാൽ ഈ കുടുംബങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. അഞ്ചുമാസത്തോളമായി പ്രദേശത്തെ കുടിവെള്ളം നിലച്ചിട്ട്. വൃദ്ധരും രോഗികളും താമസിക്കുന്ന വീടുകളെയാണ് ഈ അവസ്ഥ ഏറെ ബാധിച്ചിരിക്കുന്നത്.
കുന്നിറങ്ങി ജലം ശേഖരിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ കുളിക്കാനും കുടിക്കാനും തുടങ്ങി ദിനചര്യകള്‍ക്ക് വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണ് പ്രദേശവാസികൾ. കുടിവെള്ള ക്ഷാമത്തിന് ലക്ഷങ്ങൾ ചെലവിട്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവകാശപ്പെടുമ്പോഴും, ജലജീവൻ പോലെയുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ നിലവിൽ ഉള്ളപ്പോഴും ഇവയൊന്നും ഫലവത്താക്കാന്‍ അധികൃതർക്ക് സാധിക്കുന്നില്ല. ഇതുമൂലം ദുരിതം അനുഭവിക്കാൻ വിധിക്കപ്പെടുകയാണ് പ്രദേശത്തെ നിർധന കുടുംബങ്ങൾ. തങ്ങൾ അനുഭവിക്കുന്ന പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.