തിരുവനന്തപുരം: നേമത്ത് സീറ്റ് നല്‍കിയില്ലെങ്കില്‍ യുഡിഎഫ് വിടുമെന്ന് ഭീഷണി മുഴക്കിയെന്ന അഭ്യൂഹങ്ങള്‍ തള്ളി കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്. അത്തരത്തില്‍ ഒരു ചിന്തപോലും തന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. നേമം മണ്ഡലം യുഡിഎഫ് ഘടകക്ഷികള്‍ക്കു വിട്ടു നല്‍കുന്നതു കൊണ്ടു മാത്രമാണ് ബിജെപി ഇവിടെ വിജയിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 47000ല്‍ അധികം വോട്ടുകള്‍ നേടി യുഡിഎഫ് നേമത്ത് വിജയിച്ചു. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ഘടക കക്ഷികള്‍ക്ക് വിട്ടുകൊടുത്ത സീറ്റുകളില്‍ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കാതിരുന്നത്.
ഇത്തവണ കോണ്‍ഗ്രസിന് സീറ്റ് വിട്ടു നല്‍കിയാല്‍ വിജയം ഉറപ്പാണ്. പക്ഷേ മണ്ഡലവുമായി ബന്ധമുള്ള ഒരാള്‍ വേണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നേമം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്‍റെ മുന്‍ നിരയില്‍ താനുണ്ട്. അതിന്‍റെ ഗുണവും പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്. അവിടെ കോണ്‍ഗ്രസിന്‍റെ നിലമെച്ചപ്പെട്ടതു കൊണ്ടാണ് കൂടുതല്‍ പേര്‍ നേമം മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. താന്‍ സീറ്റാവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്നും വിജയന്‍ തോമസ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു.