തിരുവനന്തപുരം : സംസ്ഥാനത്തെ 57 ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിങ് വിഭാഗത്തിൽ മിന്നൽ പരിശോധനയുമായി വിജിലൻസ് (Vigilance Inspection In Panchayat). കെട്ടിട നിർമാണ പെർമിറ്റുകൾ നൽകുന്നതിനും കെട്ടിട നമ്പർ അനുവദിക്കുന്നതിനും ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായും മരാമത്ത് പണികളിൽ കരാറുകാരെ തെരഞ്ഞെടുക്കുന്നതിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നുമുള്ള രഹസ്യ വിവരം ലഭ്യമായതിനെ തുടർന്നാണ് പരിശോധന.
'ഓപ്പറേഷൻ ബ്ലൂ പ്രിന്‍റ്' (Operation Blue Print Vigilance Raid) എന്ന പേരിൽ ഇന്നലെ (ഒക്‌ടോബർ 13) രാവിലെ 10:30 മുതലാണ് പരിശോധന ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് ഗ്രാമപഞ്ചായത്തുകളിലും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലുമാണ് ഒരേ സമയം വിജിലൻസിന്‍റെ പരിശോധന നടന്നത്. പരിശോധനയ്ക്കിടെ 57 ഗ്രാമപഞ്ചായത്തുകളിലായി കെട്ടിട നിർമാണ അനുമതിക്കായുള്ള 1689 അപേക്ഷകളും കെട്ടിട നമ്പറിന് വേണ്ടിയുള്ള 504 അപേക്ഷകളും തീരുമാനമാകാതിരിക്കുന്നതായി വിജിലൻസ് കണ്ടെത്തി.
എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തിയപ്പോൾ ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫിസിലെ ചില ഫയലുകൾ കരാറുകാരന്‍റെ ബന്ധുവിന്‍റെ കയ്യിൽ നിന്നാണ് വിജിലൻസ് പിടികൂടിയത്. പത്തനംതിട്ട ജില്ലയിൽ അനധികൃത നിർമാണം നടന്നതായും എറണാകുളം ജില്ലയിൽ നിയമം ലംഘിച്ച് ബില്‍ മാറി നൽകിയതായും പരിശോധനയിൽ കണ്ടെത്തി.
കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിലെ എഞ്ചിനീയറിങ് വിഭാഗത്തിൽ രാവിലെ 10:30ന് മിന്നൽ പരിശോധനയ്ക്ക് എത്തിയെങ്കിലും ഓഫിസിൽ ഉദ്യോഗസ്ഥർ ആരും എത്താത്തതിനാൽ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. വിജിലൻസ് കണ്ടെത്തിയ അപാകതകളെ പറ്റി കൂടുതൽ പരിശോധനകൾ വരും ദിവസങ്ങളിൽ തുടരും എന്നും വിശദമായ റിപ്പോർട്ട് മേൽനടപടിക്കായി സർക്കാർ അയച്ചിട്ടുണ്ടെന്നും വിജിലൻസ് ഡയറക്‌ടർ ടി കെ വിനോദ് കുമാർ ഐപിഎസ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
ബെവ്കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന: ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ ഒക്‌ടോബര്‍ ആദ്യം വിജിലൻസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിലാണ് വിജിലൻസ് പരിശോധ നടത്തിയത്. പരിശോധനയില്‍ വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത് (Vigilance Inspection in Bevco Outlets).
കോട്ടയം ജില്ലയിലെ 5 ഔട്ട്‌ലെറ്റുകളിലായിരുന്നു വിജിലന്‍സിന്‍റെ പരിശോധന. വൈക്കം, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശ്ശേരി, കോട്ടയം മാർക്കറ്റ് എന്നിവിടങ്ങളിലെ വില്‍പന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കോട്ടയം മാർക്കറ്റ് ഔട്ട്ലെറ്റിൽ നിന്ന് രജിസ്‌റ്ററിൽ രേഖപ്പെടുത്താത്ത 10,000 രൂപ പിടികൂടി (Operation Moonlight).
ബിയർ കമ്പനിയിൽ നിന്ന് കമ്മിഷൻ ലഭിക്കുന്നതിന് വേണ്ടി ഒരു ബ്രാന്‍ഡിന്‍റെ ബിയർ ആവശ്യക്കാർക്ക് കൊടുക്കാതെ മറ്റൊരു കമ്പനിയുടേത് നൽകി എന്നും വിജിലൻസ് കണ്ടെത്തി. മദ്യം പൊതിഞ്ഞ് കൊടുക്കാൻ പത്ര കടലാസ് വാങ്ങിയ കണക്കിൽ വെട്ടിപ്പ് നടത്തിയതായും പരിശോധനയില്‍ വ്യക്തമായി.
120 കിലോ പേപ്പർ വാങ്ങിയെന്ന് കണക്കിൽ കാണിച്ച് 15 കിലോയാണ് എത്തിച്ചത് എന്ന് പരിശോധനയിൽ കണ്ടെത്തി. വൈക്കം ഔട്ട്‌ലെറ്റിലെ ലോക്കൽ കൗണ്ടറിൽ 20,910 രൂപയും പ്രീമിയം കൗണ്ടറിൽ 2,370 രൂപയും കുറവുള്ളതായി കണ്ടെത്തി. വിജിലൻസ് ഡയറക്‌ടർ ടി കെ വിനോദ് കുമാറിന്‍റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.