തിരുവനന്തപുരം: എഐ കാമറ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറ) ഇടപാട് സംബന്ധിച്ച കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തു വരുന്നതിനിടെ പദ്ധതി ഉള്‍പ്പെടെയുള്ള മോട്ടോര്‍വാഹന വകുപ്പിലെ വിവിധ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ്. ഇക്കൊല്ലം മാര്‍ച്ച് ആദ്യവാരമാണ് പദ്ധതിയില്‍ വിശദമായ അന്വേഷണം ആരംഭിച്ചതെന്നാണ് വിജിലന്‍സിന്‍റെ വിശദീകരണം. ഇത് സംബന്ധിച്ച് 2022 മേയില്‍ വിജിലന്‍സിന് ഒരു പരാതി ലഭിച്ചിരുന്നു.
മോട്ടോര്‍ വാഹന വകുപ്പിലെ ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്തിനെതിരെയാണ് പരാതി ലഭിച്ചത്. മോട്ടോര്‍ വാഹന വകുപ്പിലെ സ്ഥലം മാറ്റത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന തരത്തില്‍ രാജീവ് പുത്തലത്ത് ഇടപെട്ടുവെന്നും വാഹനങ്ങളും ഉപകരണങ്ങളും വാങ്ങിയതില്‍ ഇദ്ദേഹം ഇടപെട്ട് ക്രമക്കേട് നടത്തിയെന്നുമായിരുന്നു പരാതി. ഈ പരാതിയില്‍ 2022 മേയ് മാസത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് വകുപ്പിന് കൈമാറുകയും ചെയ്‌തു.
ഈ റിപ്പോര്‍ട്ടിന്‍ന്മേൽ 2023 ഫെബ്രുവരിയില്‍ വിശദമായ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ആദ്യവാരം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വാഹനങ്ങളും ഉപകരണങ്ങളും വാങ്ങിയതില്‍ ഐ ഐ കാമറകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ സംസ്ഥാനത്ത് സ്ഥാപിച്ച 726 എ ഐ കാമറകളുടെ ടെൻഡര്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും വിജിലന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
മാറാതെ ദുരൂഹത: അതേ സമയം വിജിലന്‍സിന്‍റെ ഈ വെളിപ്പെടുത്തലില്‍ അടിമുടി ദുരൂഹതയാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് മാര്‍ച്ച് മാസത്തില്‍ വിജിലന്‍സിന് അനുമതി നല്‍കിയ ഒരു പദ്ധതി എങ്ങനെ ഏപ്രില്‍ 20ന് മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. അതും സേഫ് കേരള എന്ന പേരില്‍ സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കുന്നത് കൊട്ടിഘോഷിച്ചാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചത്.
അന്ന് ഇക്കാര്യം ആഭ്യന്തര സെക്രട്ടറിയോ വിജിലന്‍സ് ഡയറക്‌ടറോ മുഖ്യമന്ത്രിയെ അറിയിക്കാതിരുന്നത് എന്തു കൊണ്ട് എന്ന സുപ്രധാന ചോദ്യം നിലനിൽക്കുന്നു. അല്ലെങ്കില്‍ ഇതറിഞ്ഞിട്ടും മുഖ്യമന്ത്രി എന്തിന് ഈ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല, പദ്ധതിയെ കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊന്നും മുഖ്യമന്ത്രിയുടെ ഓഫീസോ വിജിലന്‍സ് ഡയറക്‌ടറുടെ ഓഫീസോ എന്തു കൊണ്ട് ഈ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന കാര്യം പുറത്തു വിട്ടില്ലെന്നതും ദുരൂഹമാണ്.
ദിനം പ്രതി ഇടപാട് സംബന്ധിച്ച അഴിമതികള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതിനിടെയാണ് പൊടുന്നനെ വിഷയത്തിൽ തങ്ങള്‍ അന്വേഷിക്കുകയാണെന്ന അവകാശവാദവുമായി വിജിലന്‍സ് രംഗത്തു വന്നത്. അതേ സമയം എഐ കാമറ ഇടപാട് സംബന്ധിച്ച ക്രമക്കേടുകള്‍ കൂടുതല്‍ പുറത്തു വരുന്നത് തടയാന്‍ പദ്ധതി രേഖകള്‍ പിടിച്ചെടുക്കുകയാണ് നിലവിലെ വിജിലന്‍സ് അന്വേഷണം എന്ന പ്രചാരണത്തിനു പിന്നിലെന്നും ആരോപണമുയര്‍ന്നു.
എഐ കാമറ ഇടപാടില്‍ പ്രതിക്കൂട്ടിലായ സിപിഎമ്മിനെ രക്ഷിക്കാനാണ് പൊടുന്നനെ അന്വേഷണം നടക്കുന്നു എന്ന പെട്ടെന്നുള്ള അവകാശവാദവുമായി വിജിലന്‍സ് രംഗത്തെത്തിയതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.