തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ (Vigilance Arrested Revenue Inspector). തിരുവനന്തപുരം നഗരസഭ ആറ്റിപ്ര സോണൽ ഓഫിസിലെ റവന്യു ഇൻസ്‌പെക്‌ടർ അരുൺ കുമാറാണ് വിജിലൻസിന്‍റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 2000 രൂപ കൈക്കൂലി പണവും വിജിലൻസ് പിടികൂടി (vigilance arrested revenue inspector for accepting bribe).
ഇതിന് പുറമെ പരിശോധനയിൽ കണക്കിൽപ്പെടാത്ത 7000 രൂപയും വിജിലൻസ് കണ്ടെത്തി. ഇയാളെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടുന്നത്. ആറ്റിപ്ര കരിമണലിൽ ഫ്ലാറ്റ് വാങ്ങിയ ദമ്പതികളിൽ നിന്നുമായിരുന്നു ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
ഫ്ലാറ്റിന്‍റെ ഉടമസ്ഥാവകാശത്തിനായി രണ്ടാഴ്‌ച മുൻപായിരുന്നു ദമ്പതികൾ അപേക്ഷ നൽകിയത്. തുടർന്ന് നേരിട്ട് എത്തി പരിശോധന നടത്തിയ ശേഷം മടങ്ങുന്നതിനിടെ ഇയാൾ ദമ്പതികളോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി പണവുമായി ഓഫിസിൽ എത്താനായിരുന്നു ആവശ്യപ്പെട്ടത്.
തുടർന്ന് ദമ്പതികൾ വിജിലൻസിന് പരാതി നൽകുകയുമായിരുന്നു. ഇയാൾ ആവശ്യപ്പെട്ട ദിവസം കൈക്കൂലി കൈമാറുന്നതിനിടെയാണ് വിജിലൻസിന്‍റെ പിടിയിലാകുന്നത്. പിടിയിലായ അരുൺ കുമാറിനെതിരെ വിജിലൻസ് കേസ് നൽകിയിട്ടുണ്ട്. ഇയാളെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് ദമ്പതികൾ റവന്യു ഇൻസ്‌പെക്‌ടർ അരുൺ കുമാറിനെ സമീപിച്ചത്. പരിശോധനകൾ കഴിഞ്ഞ് നടപടികൾ വേഗത്തിലാക്കാനായിരുന്നു അരുൺ കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് ദമ്പതികൾ തിരുവനന്തപുരം ആന്‍റി കറപ്‌ഷൻ ബ്യുറോയെ സമീപിക്കുകയായിരുന്നു. വിജിലൻസ് പൊലീസ് ഡെപ്യുട്ടി സൂപ്രണ്ട് ആർ വിനോദും സംഘവുമാണ് അരുൺ കുമാറിനെ അറസ്റ്റ് ചെയ്‌തത്.