തിരുവനന്തപുരം: നോട്ടിസ് നല്‍കിയ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഹിയറിങ് നടത്തി, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യുജിസി നിബന്ധനകള്‍ പാലിക്കാതെയുളള വൈസ് ചാന്‍സലര്‍ നിയമനത്തിലാണ് ഹിയറിങ് നടത്തിയത്. പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കാനാവശ്യപ്പെട്ട് ഗവര്‍ണര്‍ വിസിമാര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.
ഒന്‍പത് വിസിമാര്‍ക്കാണ് നോട്ടിസ് നല്‍കിയിരുന്നത്. ഇതില്‍ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹിയറിങ്ങില്‍ പങ്കെടുത്തു. കേരള സര്‍വകലാശാല മുന്‍ വിസി വിപി മഹാദേവന്‍ പിള്ള, ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷ, കുസാറ്റ് വിസി ഡോ. മധു എന്നിവരാണ് നേരിട്ടെത്തിയത്. കണ്ണൂര്‍, എംജി സര്‍വകലാശാല വിസിമാര്‍ എത്തിയില്ല. എംജി വിസി ഡോ. സാബു തോമസ് വിദേശത്തായതിനാലാണ് ഹാജരാകാതിരുന്നത്.
ALSO READ| സർവകലാശാല വൈസ് ചാൻസലർമാരുടെ ഹിയറിങ് ഇന്ന് ; നടപടികള്‍ രാജ്ഭവനില്‍
അടുത്തമാസം മൂന്നിന് എംജി വിസിയ്ക്കായി പ്രത്യേക ഹിയറിങ് നടത്തും. മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്. നേരിട്ടോ ഓണ്‍ലൈനായോ അഭിഭാഷകന്‍ വഴിയോ ഹിയറിങ്ങിനെത്താനായിരുന്നു ആവശ്യം. ഹിയറിങ് കഴിഞ്ഞെങ്കിലും വിസിമാരുടെ കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വൈകും. വിസിമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിന്‍റെ വിധിക്ക് ശേഷമേ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുകയുള്ളൂ. ഹിയറിങ് സംബന്ധിച്ച് റിപ്പോര്‍ട്ട് രാജ്ഭവന്‍ ഹൈക്കോടതിയ്ക്ക് കൈമാറും.