സഹ്യസാനുശ്രുതി ചേർത്തുവെച്ച മണി വീണയാണെന്‍റെ കേരളം... അതെ, സഹ്യസാനുക്കളാൽ സുന്ദരമായ നമ്മുടെ കൊച്ചു കേരളത്തിന് ഇന്ന് 68-ാം പിറന്നാൾ. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളും ഇന്ന് കേരള പിറവി ആഘോഷിക്കും. എല്ലാ മലയാളികളും നാടിനോടുള്ള ആദരസൂചകമായി കേരള തനിമയുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നു. പരസ്‌പരം ആശംസകൾ നേരുന്നു.
നമ്മുടെ നാടിന്‍റെ ചരിത്രം ഒന്നറിഞ്ഞാലോ ?
മലയാള ഭാഷയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ ദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് കേരളം രൂപം കൊണ്ടത്. മലനിരകളാലും തീരപ്രദേശങ്ങളാലും നിറഞ്ഞു നില്‍ക്കുന്ന കേരളത്തില്‍ പ്രകൃതി കനിഞ്ഞുനല്‍കിയ സമശീതോഷ്‌ണ കാലാവസ്ഥ കൂടി ചേര്‍ന്നപ്പോഴാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്ന വിശേഷണം ലഭിച്ചത്. ദൈവത്തിന് പോലും അസൂയ ഉണ്ടാക്കുന്ന സൗന്ദര്യമാണ് കേരളത്തിന്‍റെതെന്ന് കേരളം സന്ദർശിച്ച ചില വിദേശികൾ പറഞ്ഞിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1955 സെപ്‌റ്റംബർ മാസത്തിൽ സംസ്ഥാന പുനഃസംഘടനാ കമ്മിഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. അതില്‍ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശയുണ്ടായിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്ന് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് കേരളത്തെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത്.
രൂപീകരണ സമയത്ത് കേരളത്തില്‍ വെറും അഞ്ച് ജില്ലകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശിയോട് ചേര്‍ത്തു. ബാക്കിയുള്ള തിരുവിതാംകൂര്‍ കൊച്ചിയോടും മലബാര്‍ ജില്ലയെ തെക്കന്‍ കാനറ ജില്ലയിലെ കാസര്‍കോട് താലൂക്കിലേക്കും ചേര്‍ത്തു. എന്നാല്‍ കന്യാകുമാരി കേരളത്തിന് നഷ്‌ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.
കേരളപ്പിറവിക്ക് ശേഷം 1957 ഫെബ്രുവരി 28 നായിരുന്നു ആദ്യ പൊതുതെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പില്‍ ഇഎംഎസ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അതോടെയാണ് കേരളത്തില്‍ തിരുകൊച്ചി, തിരുവിതാംകൂര്‍ രാജവംശങ്ങളുടെ ഭരണം അവസാനിച്ചത്.
കഴിഞ്ഞ കുറച്ചു വർഷക്കാലം കേരളത്തിന് പ്രതിസന്ധികളുടെ കാലമായിരുന്നു. മാറിമാറിവന്ന പ്രകൃതി ദുരന്തങ്ങൾ, അതിവേഗത്തിൽ പകർന്ന മഹാമാരികൾ എന്നിവ നാടിനെ തളർത്താൻ നോക്കി. പക്ഷേ സ്‌നേഹവും സാഹോദര്യവും പകരാൻ മാത്രം പഠിച്ച നാടിനുമുന്നിൽ ഒന്നിനും അധികകാലം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഇത് കേരളമാണ്, ഇവിടിങ്ങനാണ്.. മലയാളനാടുള്ളിടത്തോളം കാലം ഇവിടം സ്‌നേഹത്തിന്‍റെ ദൈവത്തിന്‍റെയും സ്‌നേഹത്തിന്‍റെയും സ്വന്തം നാടായി തുടരും.