എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധിപറയും. പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ജമ്യാപേക്ഷയിൽ ചൊവ്വാഴ്‌ച വാദം പൂർത്തിയായിരുന്നു. ലൈഫ് മിഷൻ കോഴക്കേസിൽ ഒമ്പത് ദിവസത്തെ ഇ ഡി കസ്റ്റഡി പൂർത്തിയായ ശേഷമായിരുന്നു ജാമ്യാപേക്ഷയുമായി എം ശിവശങ്കർ കോടതിയെ സമീപിച്ചത്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കരുതെന്നാണ് ഇ ഡിയുടെ വാദം. ഈ കേസിൽ ശിവശങ്കറിന് ആഴത്തിൽ ബന്ധമുണ്ട്. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉന്നത സ്വാധീനമുള്ള എം ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നും ജാമ്യാപേക്ഷയെ എതിർത്ത് ഇ ഡി കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ തെളിവുകളില്ലാതെയാണ് തന്നെ പ്രതി ചേർത്തതെന്നാണ് എം ശിവശങ്കറിന്‍റെ വാദം. തനിക്കെതിരെ പ്രതികളിൽ ചിലർ മൊഴി നൽകിയെന്ന് ആരോപിച്ചാണ് ഇ ഡി തന്നെ കേസിൽ ഉൾപ്പെടുത്തിയത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള തനിക്ക് ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇരു വാദങ്ങളും പരിഗണിച്ച് വിചാരണ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് എം ശിവശങ്കറിന് നിർണായകമാണ്. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ പതിനാലാം തിയതി രാത്രിയായിരുന്നു ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്ക് ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു. കേസിൽ എം ശിവശങ്കറിനെതിരെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നൽകിയിരുന്നു.
ശിവശങ്കറിന് കേസിൽ പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റിയെന്നുമായിരുന്നു ഇരുവരും ആരോപിച്ചത്. ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മീഷനായിരുന്നുവെന്നായിരുന്നു എന്ന് സ്വപ്‌നയും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിനെ പ്രതിയാക്കി ഇ ഡി അറസ്റ്റ് ചെയ്‌തത്.