തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിന്‍റെ അന്വേഷണ ചുമതലയില്‍ നിന്ന് തിരുവനന്തപുരം റൂറല്‍ എസ്.പിയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റൂറല്‍ എസ്.പി അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ല. നേരിട്ട് ഐ.പി.എസ് ലഭിച്ച ഉദ്യോഗസ്ഥരോ സി.ബി.ഐയോ കേസ് അന്വേഷിക്കണം. വെഞ്ഞാറമൂട്ടിലേത് രാഷ്‌ട്രീയ കൊലപാതകമല്ല. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം രാവിലെ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് റൂറല്‍ എസ്.പിക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചതെന്നും ചെന്നിത്തല ചോദിച്ചു.
സംഭവം അന്വേഷിച്ച സി.ഐയോ ഡി.വൈ.എസ്.പിയോ ഇത് രാഷ്ട്രീയ കൊലപാതകമെന്ന് പറഞ്ഞില്ല. സര്‍വ്വീസില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത റൂറല്‍ എസ്.പിയെ സര്‍വ്വീസിലേക്ക് തിരച്ചെടുത്തത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കേയാണ്.
കേസില്‍ അടൂര്‍ പ്രകാശിനെ വലിച്ചിഴയ്ക്കാനുള്ള ശ്രമം വിലപ്പോകില്ല. സ്ഥലം എം.എല്‍.എയുടെ മകനെതിരെ അടൂര്‍ പ്രകാശ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നാണ് തനിക്ക് ലഭിച്ച വിവരം. പ്രതികള്‍ക്ക് കോണ്‍ഗ്രസ് ബന്ധമെന്ന ആരോപണമൊക്കെ അന്വേഷണത്തില്‍ തെളിയേണ്ടതാണ്. കൊലപാതകത്തിന്‍റെ മറവില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി നശിപ്പിക്കാന്‍ മുഖ്യമന്ത്രി മൗനാനുവാദം നല്‍കുന്നു. ഇതിനെതിരെ ജനങ്ങള്‍ രംഗത്തു വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.