തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. തമിഴ്നാട്ടിലെയും മഹാരാഷ്ട്രയിലെയും കനത്ത മഴയിലുണ്ടായ കൃഷിനാശത്തെ തുടര്‍ന്നാണ് വില വർധനവ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർന്ന സവാളവിലയിൽ നേരിയ കുറവുണ്ടായി. ചുവന്നുള്ളി, വെളുത്തുള്ളി എന്നിവയുടെ ഉയർന്ന വില തുടരുകയാണ്.
വെള്ളരി, പടവലം, കാരറ്റ്, ബീൻസ്, കാബേജ്, പയർ, പാവയ്ക്ക എന്നിവക്കെല്ലാം വില ഉയർന്നു. രണ്ടാഴ്ച കൊണ്ട് വെള്ളരിക്ക് 35 രൂപയാണ് കൂടിയത്. കിലോയ്ക്ക് 87 രൂപ വരെ എത്തിയ സവാളയ്ക്ക് ഇന്നലെ തിരുവനന്തപുരത്ത് മൊത്തവില 71 രൂപയിരുന്നു. ഇന്ന് ഇത് 66 രൂപയായി കുറഞ്ഞു. ചുവന്നുള്ളിയുടെ മൊത്തവില എഴുപത്തിയേഴിലും വെളുത്തുള്ളിയുടേത് ഇരുന്നൂറ്റിഇരുപതിലും തുടരുന്നു. ഒരാഴ്ച കൊണ്ട് വില സാധാരണ നിലയിലേക്ക് താഴുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.