ആലപ്പുഴ : വിവിധ ആശുപത്രികളിൽ നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തികളും നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് (Health Minister Veena George) പറഞ്ഞു. ആലപ്പുഴ ജില്ലയിലെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ സന്ദർശിച്ച ശേഷം മാവേലിക്കരയിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആർദ്രം ആരോഗ്യം പരിപാടിയുടെ (Ardram Arogyam) ഭാഗമായാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങൾ മന്ത്രി സന്ദർശിച്ചത്.
എല്ലാ ആശുപത്രികളിലും സിസിടിവി, ചുറ്റുമതിൽ, സുരക്ഷ ജീവനക്കാർ എന്നിവ ഉറപ്പാക്കും. സേഫ്‌റ്റി ഓഡിറ്റ് പ്രകാരമുള്ള സുരക്ഷ സംവിധാനങ്ങളാണ് ഓരോ ആശുപത്രിയിലും നടപ്പാക്കുന്നത്. ആശുപത്രികളെ പേപ്പർലെസ് ആക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. സംസ്ഥാനത്തെ മുഴുവൻ ആശുപത്രിയും ഇ - ഹെൽത്ത് ആക്കി മാറ്റും.
ആവശ്യമുള്ള ഇടങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. ആശുപത്രികളിൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ സോളാർ പാനലുകൾ (Solar Panels In Hospitals) സ്ഥാപിക്കും. നിലവിലെ ആശുപത്രി കെട്ടിടങ്ങളിലും സോളാർ പാനൽ വയ്‌ക്കുന്ന സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
ഓരോ ആശുപത്രിയിൽ നിന്നും നൽകേണ്ട സേവനങ്ങൾ നിശ്ചയിച്ച് ക്രമപ്പെടുത്താൻ ആർദ്രം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. സേവനങ്ങൾ ആശുപത്രിയിൽ നിന്നും കൃത്യമായി ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്‍റെ നയം. ഈ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്നറിയാനും ജനങ്ങൾക്ക് ഇവ എത്രത്തോളം ഉപകാരപ്പെടുന്നുണ്ടെന്ന് പരിശോധിക്കാനും ജനകീയ പങ്കാളിത്തത്തോടെ ആർദ്രത്തിന്‍റെ ലക്ഷ്യം സാക്ഷാത്‌കരിക്കാനുമാണ് ഇത്തരം സന്ദർശനങ്ങൾ നടത്തുന്നത്.
ആരോഗ്യവകുപ്പിന് കീഴിൽ ജില്ലയിൽ നിരവധി നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇവ സമയബന്ധിതമായി പൂർത്തിയാക്കും. ആരോഗ്യ പ്രവർത്തകർ, രോഗികൾ, കൂട്ടിരിപ്പുകാർ തുടങ്ങി എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
നിർമാണത്തിലുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം : തുറവൂർ താലൂക്ക് ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, നൂറനാട് ലെപ്രസി സാനറ്റോറിയം, മാവേലിക്കര ജില്ല ആശുപത്രി എന്നിവിടങ്ങളാണ് ചൊവ്വാഴ്‌ച മന്ത്രി സന്ദർശിച്ചത്. ഓരോ ആരോഗ്യ കേന്ദ്രങ്ങളിലും നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും തുടർന്ന് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളും അവലോകന യോഗത്തിൽ ചർച്ച ചെയ്‌തു. നിർമാണത്തിലുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും നിർവഹണ ഏജൻസികൾക്കും മന്ത്രി കർശന നിർദേശം നൽകി.
യോഗത്തിൽ എം.എൽ.എമാരായ എം.എസ് അരുൺകുമാർ, തോമസ് കെ. തോമസ്, യു. പ്രതിഭ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, കായംകുളം നഗരസഭ അധ്യക്ഷ പി.ശശികല, ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെ.ജെ. റീന, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷ എം.വി പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുനാ വർഗീസ്, മാവേലിക്കര ജില്ല ആശുപത്രി സൂപ്രണ്ട് കെ.എ ജിതേഷ്, ഇൻകൽ സീനിയർ പ്രോജക്‌ട് ഡയറക്‌ടർ കെ. മോഹൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ ആശുപത്രി സൂപ്രണ്ടുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.