തിരുവനന്തപുരം : കുഞ്ഞിനെ വേര്‍പെടുത്തിയ സംഭവത്തിൽ സെക്രട്ടേറിയറ്റ് സമരത്തിന് തയ്യാറെടുത്ത അനുപമയ്ക്ക് നടപടി ഉറപ്പുനൽകി വീണ ജോർജ്. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രിയായ വീണ ഫോണിൽ വിളിച്ചാണ് സർക്കാരിൻ്റെ പിന്തുണ അറിയിച്ചത്. താനും അമ്മയാണ്, തനിയ്ക്ക് കാര്യങ്ങൾ മനസിലാകുമെന്ന് വീണ ജോർജ് അനുപമയോട് പറഞ്ഞു.
നിരാഹാരസമരം പ്രഖ്യാപിച്ച അനുപമയെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്‍റെ ഭാഗമായാണ് മന്ത്രി യുവതിയെ വിളിച്ചത്. മന്ത്രി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായും കുഞ്ഞിനെ തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായും അനുപമ അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചെങ്കിലും സൂചനാസമരവുമായി മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം. നീതി വാഗ്‌ദാനമല്ല നടപടിയാണ് വേണ്ടതെന്നാണ് അനുപമയുടെ നിലപാട്. കഴിഞ്ഞ ദിവസം സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു.
'വനിതാകമ്മിഷൻ ആസ്ഥാനത്ത് പ്രതിഷേധിക്കും'
അതേസമയം, സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ 10 മണിയ്‌ക്ക് പരാതിക്കാരിയുടെ നിരാഹാര സമരം ആരംഭിച്ചു. വൈകിട്ട് അഞ്ചുവരെയാണ് സമരം. പൊലീസിലും വനിതാകമ്മിഷനിലും പ്രതീക്ഷയില്ലെന്നും കുഞ്ഞിനെ എത്രയും വേഗം കണ്ടെത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
അനുപമയുടെ പിതാവ് കുഞ്ഞിനെ വേർപെടുത്തി ശിശുക്ഷേമ സമിതിയിൽ എത്തിച്ചെങ്കിലും കുട്ടിയെ ദത്തുനൽകുന്നതിന് മുമ്പുതന്നെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ സർക്കാർ സംവിധാനങ്ങളെ സമീപിച്ചിരുന്നു. കുട്ടിയെ നഷ്ടമായി മാസങ്ങളായി ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് സമരരംഗത്തിറങ്ങുന്നത്.
ALSO READ: 'പൊലീസിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വിശ്വാസമില്ല'; ഇന്ന് മുതൽ നിരാഹാരമിരിക്കാന്‍ അനുപമ
കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് പരാതി നൽകി ആറുമാസം കഴിഞ്ഞശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനെങ്കിലും പൊലീസ് തയ്യാറായതെന്ന് അനുപമ പറഞ്ഞു. വനിതാകമ്മിഷൻ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി.