തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍റെ കാര്യത്തില്‍ കേരളം പിന്നിലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാദം തള്ളി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജൂലൈ 24 വരെ സംസ്ഥാനത്ത് 1.29 കോടി ഒന്നാം ഡോസ് വാക്‌സിനും 56.27 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. അതായത് 36.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.03 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയെന്നും ഇത് ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയെന്നും ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞു.
വാക്‌സിൻ വിതരണം, ദേശിയ ശരാശരിയേക്കാൾ കൂടുതൽ
സംസ്ഥാനത്ത് 4.88 ലക്ഷം പേര്‍ക്കാണ് ശനിയാഴ്ച വരെ വാക്‌സിന്‍ നല്‍കിയത്. ഇതെല്ലാം മറച്ചുവച്ചുകൊണ്ടുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ നിര്‍ഭാഗ്യകരമാണെന്ന് വീണ ജോർജ് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്നും 22 ലക്ഷം ഡോസ് വാക്‌സിന്‍ അടിയന്തരമായി സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി എം.എല്‍.എ സനീഷ്‌കുമാര്‍ ജോസഫാണ് ഇതു സംബന്ധിച്ച് നിയമസഭയുടെ ശ്രദ്ധ ക്ഷണിച്ചത്.
കേന്ദ്രം നല്‍കുന്ന വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്ന് സനീഷ്‌കുമാര്‍ ആരോപിച്ചു.
READ MORE: കൊടകര കുഴൽപ്പണക്കേസ്; അടിയന്തര പ്രമേയത്തിന് നോട്ടീസ്