തിരുവനന്തപുരം: കേരളം കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്ന കേന്ദ്രസർക്കാർ ആരോപണം തെറ്റെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ദിവസവും കേന്ദ്ര സർക്കാർ നിർദേശിച്ച രീതിയിൽ കേരളം കണക്കുകൾ നൽകുന്നുണ്ട്. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യം മറച്ചുവച്ച് കേരളത്തിനെതിരെ പ്രചരണം നടത്തുകയാണ്.
ഇതിൽ നല്ല ഉദ്ദേശം ഉണ്ടെന്ന് കരുതാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളം ഒന്നും ചെയ്യുന്നില്ല എന്ന പ്രചരണം കേന്ദ്രസർക്കാർ ബോധപൂർവം നടത്തുകയാണ്. ഇത് നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്‍റെ കത്ത് സംസ്ഥാനത്തെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലഭിക്കുന്നതിനു മുമ്പ് തന്നെ മാധ്യമങ്ങൾക്ക് ലഭിച്ചു. മാധ്യമങ്ങളിലൂടെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയുന്നത്. ഇതിൽ നല്ല ഉദ്ദേശം ഉണ്ടെന്ന് കരുതാൻ കഴിയില്ല.
കേരളം കൃത്യമായി കണക്കുകൾ സൂക്ഷിക്കുന്നുണ്ട്. കേസുകൾ കുറഞ്ഞതു കൊണ്ടാണ് പ്രസിദ്ധീകരിക്കേണ്ട എന്ന തീരുമാനം സർക്കാർ എടുത്തത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര സർക്കാരിന് മറുപടി നൽകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.