തിരുവനന്തപുരം: കേന്ദ്രസർക്കാരിനെ തലോടിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നിയമസഭയിൽ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരു ഗവർണർ സർക്കാറിന് വേണ്ടി നടത്തുന്ന ഏറ്റവും മോശം നയപ്രഖ്യാപനമാണ് ഇന്നുണ്ടായത്. ആർഎസ്എസ് ഏജന്‍റ് എന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപന പ്രസംഗത്തിൽ കണ്ടത്.
കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങൾ ഒത്തുതീർപ്പിന്‍റെ ഭാഗമായി ഒളിപ്പിച്ചിരിക്കുകയാണ്. രൂക്ഷമായി വിമർശിക്കേണ്ട കേന്ദ്ര നയങ്ങൾ ഒന്നും തന്നെ വിമർശിക്കപ്പെട്ടിട്ടില്ല. വസ്‌തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രസംഗത്തിലുള്ളത്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഭദ്രം എന്ന പ്രസ്‌താവന ചിരിപ്പിക്കുന്നത്.
ശമ്പളം നൽകാൻ പോലും പണമില്ലാത്ത അവസ്ഥയാണ് കേരളത്തിൽ. ഇതു മറച്ചുവച്ചാണ് എല്ലാം ഭദ്രമെന്ന് ഗവർണറെ കൊണ്ട് വായിപ്പിച്ചത്. ക്രമസമാധാനത്തിൽ അടക്കം സർക്കാർ വൻ പരാജയമാണ്.
കേരള ചരിത്രത്തിലെ ഏറ്റവും മോശം പൊലീസാണ് ഇപ്പോഴുള്ളത്. ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദികൾ വരെയുണ്ട് പൊലീസിൽ. സെക്രട്ടേറിയറ്റിൽ അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെ വിലക്കിയ സർക്കാരാണ് നയപ്രഖ്യാപനത്തിൽ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത്. ദിശ ബോധമില്ലാത്ത നയപ്രഖ്യാപനത്തിലൂടെ ഗവർണർ ചടങ്ങ് നിർവഹിച്ചു പോവുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
കേന്ദ്രസർക്കാർ അനുമതി നൽകിയാൽ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് നയപ്രഖ്യാപനത്തിൽ പറയുന്നത്. എന്നാൽ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് അനുവദിക്കില്ല. ജനകീയ പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടു പോകുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
Also Read: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര വിമർശനവും വായിച്ച് ഗവർണർ