തിരുവനന്തപുരം: യുവതിയുടെ ലൈംഗികപീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ശ്രമിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീപക്ഷ നിലപാടാണ് പാർട്ടിയുടേത്. അതിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
എൽദോസിനെ പലതരത്തിലും ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ കഴിഞ്ഞില്ല. മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എൽദോസിനോട് വിശദീകരണം തേടിയിട്ടുണ്ട്. അത് സ്വാഭാവിക നീതിയാണ്. ഇന്നോ നാളെയോ വിശദീകരണം ലഭിക്കും. പരാതിയുടെ അടിസ്ഥാനത്തിൽ എൽദോസ് ഒളിവിൽ പോകേണ്ട ആവശ്യമില്ലെന്നും സതീശൻ വ്യക്തമാക്കി.
വിദേശയാത്രയുടെ നേട്ടങ്ങള്‍ ജനങ്ങളോട് വ്യക്തമാക്കണം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയിൽ സതീശൻ വീണ്ടും വിമർശനം ഉന്നയിച്ചു. സർക്കാർ ചെലവിൽ യാത്ര നടത്തുമ്പോൾ ജനങ്ങൾക്ക് എന്ത് നേട്ടമുണ്ടാകുമെന്ന് ജനങ്ങളോട് പറയണം. വിദേശയാത്രയിൽ വിദ്യാഭ്യാസ മന്ത്രിയെ സ്വാധീനിച്ച കാര്യം പറഞ്ഞാൽ നമുക്കും പഠിക്കാമായിരുന്നുവെന്നും സതീശൻ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയിൽ കുടുംബാംഗങ്ങളെ കൊണ്ടുപോയതിൽ തെറ്റില്ലെന്നും മന്ത്രിമാർ ആയതിനാൽ ഭാര്യമാർക്ക് വിട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലന്നില്ലെന്നും മന്ത്രി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. ഇലന്തൂർ ഇരട്ട നരബലി സംഭവം പൊലീസ് ഗൗരവത്തോടെ കാണണം. ആളുകളുടെ തിരോധാന കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും വി ഡി സതീശൻ പറഞ്ഞു.