തിരുവനന്തപുരം: നിയമം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ട സംഘങ്ങളുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നു എന്നും സിപിഎം പ്രാദേശിക പാർട്ടി നേതാക്കളുടെ സംരക്ഷണയിലാണ് ഇതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാര്‍ത്ത കുറിപ്പിലാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം. സംസ്ഥാനത്ത് ലഹരിക്കടത്തിനും ഗുണ്ട, ക്രിമിനല്‍ സംഘങ്ങള്‍ക്കും സിപിഎം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമാണ് കുടപിടിക്കുന്നതെന്നും അവരെ നിലയ്ക്ക് നിര്‍ത്തണമെന്നും പ്രതിപക്ഷം നിയമസഭയിലും പുറത്തും നിരവധി തവണ ആവശ്യപ്പെട്ടതാണ്.
എന്നിട്ടും പൊലീസിലെയും പാര്‍ട്ടിയിലെയും ക്രിമിനലുകള്‍ക്കെതിരെ നടപടി എടുത്തില്ലെന്നു മാത്രമല്ല അവരെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. നാട്ടില്‍ അരാജകത്വം സൃഷ്‌ടിക്കുന്നതില്‍ നിന്നും പാര്‍ട്ടി നേതാക്കളെയും അണികളെയും വിലക്കാന്‍ സിപിഎം ഇനിയെങ്കിലും തയാറാകണമെന്നും വി ഡി സതീശന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഗുണ്ട സംഘങ്ങളുമായുള്ള ബന്ധം പുറത്തായതോടെ തിരുവനന്തപുരം ജില്ലയില്‍ മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കേണ്ടി വന്നു. ഈ സ്റ്റേഷനിലെ സി ഐക്ക് സിപിഎം പ്രാദേശിക നേതാക്കളുടെ സഹായം ഉണ്ടായിരുന്നെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്.
സി പി എമ്മിന് തുടര്‍ ഭരണത്തിന്‍റെ ധാര്‍ഷ്‌ട്യം: തുടര്‍ ഭരണം ലഭിച്ചതിന്‍റെ ധാര്‍ഷ്‌ട്യവും എന്തും ചെയ്യാമെന്ന അഹങ്കാരവുമാണ് സിപിഎമ്മിന്‍റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കളെയും ജനപ്രതിനിധികളെയും ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനോ പ്രേരിപ്പിക്കുന്നത്. മാഫിയ സംഘങ്ങളുമായി സിപിഎം നേതാക്കള്‍ക്കും പൊലീസിനുമുള്ള ബന്ധം വ്യക്തമാക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് ഇത്ര വഴിപിഴച്ച ഒരു കാലവും ഇത്രയും പരാജയപ്പെട്ട ഒരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രി ആഭ്യന്ത്ര വകുപ്പ് ഒഴിയണം: ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം. അതാണ് സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് നല്ലത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു. ഗുണ്ട, ഭൂമാഫിയ ബന്ധം തെളിഞ്ഞതിനെ തുടർന്ന് മംഗലപുരം പൊലീസ് സ്റ്റേഷനിലെ സ്വീപർ ഒഴികെയുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 34 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ആറ് പേരെ സസ്‌പെൻഡ് ചെയ്യുകയും 24 പേരെ സ്ഥലം മാറ്റുകയുമായിരുന്നു. സ്റ്റേഷനിൽ നിന്നും സസ്പെൻഷൻ നേരിട്ട എഎസ്‌ഐ ജയന്‍റെ ഗുണ്ട ബന്ധം പുറത്ത് കൊണ്ട് വന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ സാജിതിനെ കഴിഞ്ഞ ദിവസം മുൻ എഎസ്‌ഐ ജയൻ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്‌തിരുന്നു.