തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു എന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വാമി വിവേകാനന്ദന്‍റെ 150-ാം ജന്മദിനാഘോഷത്തിലാണ് പങ്കെടുത്തത്. തന്നെ ക്ഷണിച്ചത് എം.പി വീരേന്ദ്ര കുമാറായിരുന്നു. ഇതു സംബന്ധിച്ച് ബിജെപി പുറത്തുവിട്ട ചിത്രം പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്നും വി.ഡി സതീശൻ പറഞ്ഞു.
വിവാദമുണ്ടായ ശേഷം താന്‍ ഒളിച്ചു നടന്നു എന്ന വിധത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. തികച്ചും വ്യക്തിപരമായ ഒരു പ്രശ്‌നമുള്ളതിനാല്‍ ഞായറാഴ്‌ച കാണാന്‍ കഴിയില്ലെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. 18 വര്‍ഷം മുന്‍പ് താന്‍ പങ്കെടുത്ത ഈ ചടങ്ങിനെ കുറിച്ച് ഓര്‍മ പോലും ഉണ്ടായിരുന്നില്ല. അപ്പോള്‍ അതിന്‍റെ വിശദാംശങ്ങള്‍ ശേഖരിക്കാതെ പ്രതികരിക്കാന്‍ കഴിയുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇത് ഒരു ഞായറാഴ്‌ച മാത്രം ആയുസുള്ള വിവാദമാണ്. ഇത് കൊണ്ടൊന്നും വര്‍ഗീയതയ്‌ക്കെതിരായ തന്‍റെ പോരാട്ടം അവസാനിക്കില്ല. ഒരു വര്‍ഗീയവാദിയുടെയും വോട്ട് തനിക്ക് വേണ്ട. ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം സംഘപരിവാറിനല്ല. അത് കൊണ്ട് തന്നെ വിരട്ടാന്‍ നോക്കണ്ട. വര്‍ഗീയതയെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ് പ്രത്യയ ശാസ്‌ത്രത്തിന്‍റെ ഭാഗമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
"ഞാന്‍ ആര്‍എസ്‌എസിന്‍റെ വോട്ട് വാങ്ങി എന്ന് പറഞ്ഞാല്‍ പറവൂരിലുള്ള ആളുകള്‍ ചിരിക്കും. അത്രയേറെ ആര്‍എസ്‌എസും സംഘപരിവാറുമായി നേരിട്ട് ആ മണ്ഡലത്തില്‍ പോരാടുന്ന ഒരാളാണ് ഞാന്‍. കേരളത്തിലാകെ എന്‍റെ നിലപാടും അത് തന്നെ. ഒരു കാലത്തും ആര്‍എസ്‌എസുമായി സന്ധി ചെയ്‌തിട്ടില്ലെന്ന് മാത്രമല്ല, എന്‍റെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം പരമ്പരാഗതമായി ആര്‍എസ്‌എസിനെ എതിര്‍ത്ത് പോരുന്നവരാണ്.
പി.പരമേശ്വരന്‍റെ പുസ്‌തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്‌തത് വി.എസ് അച്യുതാനന്ദനായിരുന്നു. അതേ പുസ്‌തകം തൃശൂരില്‍ ഞാന്‍ പ്രകാശനം ചെയ്‌തു. പി.പരമേശ്വരനെ കേരളം ഒരു ആര്‍എസ്‌എസ് നേതാവായല്ല കാണുന്നത്. അദ്ദേഹം അന്തരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍റേത് ഋഷി തുല്യമായ ജീവിതമെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്‌തത്.
ഭരണഘടനയുമായി ബന്ധപ്പെട്ട് ആര്‍എസ്‌എസിനെതിരെ ഉന്നയിച്ച അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ബഞ്ച് ഓഫ് തോട്ട്‌സ് എന്ന പുസ്‌തകത്തിലെ പരാമര്‍ശത്തെ ഏതെങ്കിലും ബിജെപി നേതാവോ സിപിഎം നേതാവോ തള്ളിപ്പറഞ്ഞിട്ടില്ല. ഗോള്‍വാള്‍ക്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അയച്ചതായി പറയുന്ന നോട്ടിസ് നിയമപരമായി നേരിടും. വിചാരധാരയും സജി ചെറിയാന്‍ പറഞ്ഞതും ഒരേ ആശയങ്ങളാണ്. സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുന്നതാണ് ഉചിതം", വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.