തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അപകടകരമായ അവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് മറച്ചുവയ്ക്കാൻ സർക്കാർ വിവാദങ്ങളുണ്ടാക്കുകയാണ്. സാധാരണക്കാരെയും കർഷകരെയും സഹായിക്കാൻ സർക്കാറിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. എന്നാൽ, ഇത് പുറത്തുപറയാതെ എല്ലാം മറച്ചുവയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തെ ധനം സംബന്ധിച്ച് ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം. 1992 - 2000 കാലത്തെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ മോശമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. യുഡിഎഫ് ഇറക്കിയ ധവളപത്രത്തിലെ മുന്നറിയിപ്പ് അതുപോലെ സംഭവിക്കുകയാണ്. ബഫർ സോൺ വിഷയത്തിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല.
ALSO READ| സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് അവസാനിക്കുന്നു; സഭാസമ്മേളനം നയപ്രഖ്യാപനത്തോടെ തുടങ്ങും
പ്രസിദ്ധീകരിച്ച ഭൂപടം സംബന്ധിച്ച 26,000 പരാതികൾ ലഭിച്ചിട്ടും 18 എണ്ണം മാത്രമാണ് പരിശോധിച്ചത്. ഈ മേഖലയിലെ ജനങ്ങൾ ആകെ പരിഭ്രാന്തിയിലാണ്. ഇക്കാര്യങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാണ് ഗവർണർ സർക്കാർ പോര് എന്ന തരത്തിൽ വിവാദങ്ങളുണ്ടാക്കുന്നത്. ഇരുവരും തമ്മിൽ യാതൊരു പ്രശ്‌നങ്ങളും ഇല്ല എന്നതിന് തെളിവാണ് സജി ചെറിയാന്‍റെ ഇന്നത്തെ സത്യപ്രതിജ്ഞ. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ കൂടുതൽ സമരപരിപാടികൾ യുഡിഎഫ് നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു.