തിരുവനന്തപുരം: രാഷ്ട്രീയ നേതൃത്വത്തിൽ ഇരിക്കുന്നവരെ ആർക്കും വിമർശിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സാമുദായിക സംഘടനകൾക്കും രാഷ്ട്രീയ നേതൃത്വത്തെ വിമർശിക്കാം. സർക്കാരിനെപ്പോലെ പ്രതിപക്ഷത്തെയും വിലയിരുത്താം വിമർശിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
വിമര്‍ശിക്കുന്നതില്‍ അസഹിഷ്‌ണുതയില്ല. പ്രവർത്തനത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തും. ആരും വിമർശനത്തിന് അതീതരല്ല. സാമുദായിക സംഘടനകൾക്കെതിരെ താൻ നിരവധി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമുദായിക സംഘടനകളുടെ വിമർശനത്തെയും സ്വാഗതം ചെയ്യുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തനിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കാനില്ല. ഇപ്പോഴുള്ള വിവാദങ്ങൾ ഏറ്റുപിടിക്കുന്നില്ല.
'ആ വിമര്‍ശനത്തിന് മറുപടിയില്ല': ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തിയിരുന്നുവെങ്കിൽ യുഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കുമായിരുന്നു എന്ന വിമർശനത്തിന് മറുപടി പറയുന്നില്ല. തോറ്റത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് വിലയിരുത്തിയിട്ടുണ്ട്. അതിനെ മറികടക്കാനാണ് ശ്രമം. മുഖ്യമന്ത്രിപദം ലക്ഷ്യമല്ല. പാർട്ടിയെ തോൽവിയിൽ നിന്ന് കൈപിടിച്ച് ഉയർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി ആകാന്‍ മാത്രമല്ല, രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ വരെ ശശി തരൂര്‍ എംപിയ്‌ക്ക് യോഗ്യതയുണ്ട് എന്നതടക്കം എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിലടക്കമാണ് വിഡി സതീശന്‍റെ പ്രതികരണം. സ്‌കൂള്‍ കലോത്സവത്തിൽ ഭക്ഷണത്തിന്‍റെ പേരിൽ നടന്നത് വിവാദങ്ങൾക്കും വിഭാഗീയതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളാണ്. പഴയിടം മോഹനൻ നമ്പൂതിരിയെ അപമാനിക്കുകയാണ് ചെയ്‌തത്. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകൾ അംഗീകരിക്കാൻ ആവില്ല. അപകടകരമായ സാഹചര്യമാണിത് സൃഷ്‌ടിക്കുന്നത്.
മന്ത്രിക്കെതിരെ വിമര്‍ശനം: പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കളി കാണേണ്ടെന്ന മന്ത്രി വി അബ്‌ദുറഹ്‌മാന്‍റെ പ്രസ്‌താവന അസംബന്ധവും കാപട്യവുമാണെന്ന് വിഡി സതീശന്‍. കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരു അംഗമാണ് ഇത്തരത്തിൽ സംസാരിക്കുന്നത്. ഒരു മിനിറ്റ് പോലും അദ്ദേഹത്തിന് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ല. ഇക്കാര്യത്തിൽ സിപിഎം അഭിപ്രായം വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.