പത്തനംതിട്ട: സിപിഐ നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തും ചെയ്യുമെന്ന ധിക്കാരവും ധാർഷ്ട്യവുമാണ് സിപിഎമ്മിന്. ജനാധിപത്യത്തിൽ എതിർ ശബ്‌ദങ്ങൾക്കുള്ള സൗന്ദര്യത്തെപ്പറ്റി നേതാക്കള്‍ അണികളെ ബോധ്യപ്പെടുത്തണമെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎമ്മിന്‍റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായി സാധ്യമായ എല്ലാ പ്രതിരോധവും തീർക്കുമെന്നും മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ച് വിഡി സതീശൻ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഈ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. ഒരുകൂട്ടം ജനാധിപത്യവിരുദ്ധ രാഷ്ട്രീയ എതിരാളികളെ തല്ലിച്ചതയ്ക്കുന്നതല്ല. മറിച്ച് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ പ്രാദേശിക നേതാക്കളെ ഒന്നാം കക്ഷിയായ സിപിഎം പ്രവർത്തകർ ക്രൂരമായി ആക്രമിക്കുന്നതാണ്. പത്തനംതിട്ട അങ്ങാടിക്കലിൽ നടന്ന ഈ സംഭവം ഉച്ചമുതൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മന്ത്രിമാർ അടക്കമുള്ള സിപിഐ നേതാക്കൾ എന്തെങ്കിലും പ്രതികരിച്ചോ എന്നറിയില്ല. പ്രതികരിച്ചിട്ടുണ്ടെങ്കിൽ നല്ലത്. എം ജി യൂണിവേഴ്‌സിറ്റിയിലെ എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്ഐക്കാർ ലൈംഗികമായി ആക്രമിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തെന്ന് പരാതി നൽകിയിട്ടു പോലും ആരെയും അറസ്റ്റ് ചെയ്തില്ല.
സിപിഐ നേതാക്കൾ മൗനമായിരുന്നപ്പോൾ നിയമസഭയിൽ ഉൾപ്പെടെ ശക്തമായി പ്രതികരിച്ചത് യുഡിഎഫ് ആണ്. ആ മൗനം നിങ്ങൾ ഇപ്പോഴും തുടരരുത്. ജനാധിപത്യവിരുദ്ധർക്കുള്ള ലൈസൻസ് ആകും. അക്രമ രാഷ്ട്രീയത്തെ പിന്തുണയ്ക്കലാകും.
എന്തും ചെയ്യുമെന്ന ധിക്കാരവും ധാർഷ്ട്യവുമാണ് സിപിഎമ്മിന്. തുടർഭരണം നാടൊട്ടുക്കും അക്രമം അഴിച്ചു വിടാനുള്ള അധികാരമല്ല. ബംഗാളിലെ ഭരണത്തിൻ്റെ അവസാനകാലത്ത് ആയുധമെടുത്ത് ഗുണ്ടകൾക്കൊപ്പം അഴിഞ്ഞാടുകയായിരുന്നു അവിടത്തെ സിപിഎം. അതേ മാതൃക കേരളത്തിലും ആവർത്തിക്കാമെന്ന് കരുതണ്ട. സിപിഎമ്മിൻ്റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായി സാധ്യമായ എല്ലാ പ്രതിരോധവും തീർക്കും.
എതിർ ശബ്‌ദങ്ങൾ ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണെന്ന് ഹാലിളകി നടക്കുന്ന അണികളെ ഉത്തരവാദിത്തമുള്ള സിപിഎം നേതാക്കൾ പറഞ്ഞു ബോധ്യപ്പെടുത്തണം.