തിരുവനന്തപുരം : അടിച്ചമർത്താൻ ശ്രമിച്ചാലും ശക്തമായി സമരം മുന്നോട്ട് കൊണ്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചി നഗരത്തിൽ പൊലീസ് വീണ്ടും അഴിഞ്ഞാടിയിരിക്കുകയാണ്. നികുതി വർധനവിനെതിരെ സമരം ചെയ്‌ത കെഎസ്‌യു പ്രവർത്തകയെ ആക്രമിച്ചതും അടുത്ത കാലത്താണ്. വനിത കൗൺസിലർമാരെ പുരുഷ പൊലീസ് ആക്രമിച്ച സംഭവമുണ്ടായി.
നിരവധി കൗൺസിലർമാരുടെ തല പൊട്ടിയ സാഹചര്യമുണ്ടായിട്ടുണ്ടെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. സമരത്തെ അടിച്ചമർത്താൻ മുഖ്യമന്ത്രി പൊലീസ് അതിക്രമം അഴിച്ച് വിടുകയാണ്. കരാറുകാരന് എതിരെ നടപടി സ്വീകരിക്കാതെയാണ് പൊലീസിനെ അഴിച്ച് വിട്ട് കൊണ്ട് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.
ജനങ്ങളെ വിഡ്ഢിയാക്കി കൊണ്ട് നേതാക്കളുടെ മക്കൾക്ക് അഴിഞ്ഞാടൻ അവസരം നൽകുകയാണ് ഇതിലൂടെയെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന ജനപ്രതിനിധികളെ അടിച്ചമർത്തുന്നു. മുഖ്യമന്ത്രിയെ പോലെയാണ് കൊച്ചി മേയർ നടക്കുന്നത്.
ജനങ്ങളെ വിഷ പുകയിൽ മുക്കിയ ആളുകളാണ് ഇവർ. മൊത്തം 22 കോടി രൂപയുടെ അഴിമതി നടന്നിരുന്നു. പരിസ്ഥിതി വകുപ്പിന്‍റെയും മലിനീകരണം നിയന്ത്രണ വകുപ്പിന്‍റെയും ചുമതല മുഖ്യമന്ത്രിക്കാണ്, എന്നാൽ മുഖ്യമന്ത്രിക്ക് ബ്രഹ്മപുരം തീപിടിത്തത്തിൽ ഒരു മിണ്ടാട്ടവുമില്ല. കൊള്ള നടത്താൻ അവസരം ഒരുക്കുകയാണ് ഇവിടെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ഈ കരാർ ഇപ്പോഴത്തെ കരാറുകാരന് നല്‍കാൻ സമ്മർദമുണ്ടായേന്ന് മേയർ പറഞ്ഞു. ഒരു പണിയും ചെയ്യാത്ത കരാറുകാരനാണ് സംസ്‌കരണം ഏറ്റെടുത്തിരുന്നത്. മാലിന്യ കൂമ്പാരത്തിന് തീ കൊടുത്ത് വിഷ പുകയിൽ മുക്കിയവരാണ് ഇവർ. വ്യക്തിപരമായിട്ട് താൻ ആരോഗ്യ മന്ത്രിയെ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തീ കെടുത്തുമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. 3-4 ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യ പ്രശ്‌നമില്ല എന്ന് സർക്കാർ പ്രഖ്യാപിച്ചു. മാധ്യമങ്ങളിൽ പ്രതികരിച്ച ഡോക്‌ടർമാർ ദൂര വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് പറയുന്നു. ഭരണകക്ഷി എംഎൽഎ തന്നെ ആരോഗ്യ വകുപ്പ് പരാജയമാണെന്ന് പറഞ്ഞിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
മുരളീധരന്‍റെ പരസ്യ പ്രസ്‌താവനയിൽ സംഘടനപരമായ നടപടികൾ കെപിസിസി പ്രസിഡന്‍റ് കൈകാര്യം ചെയ്‌തുവെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ നാം വലിയ സമരത്തിലാണ്. നിരവധി പ്രവർത്തകരും നേതാക്കളുമാണ് അക്രമം നേരിട്ടത്.
നിരവധി പേർ ജയിൽ വാസം അനുഭവിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രക്ഷോഭത്തിൽ നിൽക്കുമ്പോൾ പരസ്യ പ്രസ്‌താവനകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് അഭിപ്രായം. മുഴുവന്‍ മുതിർന്ന നേതാക്കളുടെയും പിന്തുണ വേണം. പ്രശ്‌നം വരുമ്പോൾ പറഞ്ഞ് തീർക്കും. എല്ലാവരും ഒരേ കുടുംബമാണ്. കെപിസിസി യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു.
താനും അതിൽ പങ്കെടുത്തിരുന്നുവെന്നും എല്ലാം ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.