തിരുവനന്തപുരം: ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആദ്യമായാണ് ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കുന്നത്. ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും സർക്കാരും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി. സ്‌പീക്കർ അതിന് കൂട്ടുനിൽക്കുന്നു. സജി ചെറിയാൻ രാജിവയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം ഗവർണറെ കാണും. നിയമ നടപടി സ്വീകരിക്കുന്ന കാര്യവും ആലോചിക്കും.
'ഗവർണറുടെ അനുമതി മാത്രം മതി': സജി ചെറിയാനെതിരെ പൊലീസ് കേസെടുക്കണം. ഇതിന് മന്ത്രിസഭയുടെ അനുമതി വേണ്ടെന്നും ഗവർണറുടെ അനുമതി മാത്രം മതിയെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. സഭ ടി.വി തെറ്റ് ആവർത്തിക്കുകയാണ്. ഭരണപക്ഷത്തെ മാത്രം കാണിക്കാൻ ആണെങ്കിൽ ഇങ്ങനെ ഒരു സഭ ടി.വി വേണോ എന്ന് പ്രതിപക്ഷം ആലോചിക്കും.
സജി ചെറിയാന്‍റെ പ്രസ്‌താവന ആർ.എസ്.എസ് നിലപാടിന് തുല്യമാണ്. മന്ത്രിയുടെ രാജിയിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഗോൾവാൾക്കറുടെ അഭിപ്രായമാണ് സജി ചെറിയാൻ ഉയർത്തിയത്. ഗോൾവാൾക്കറുടെ പുസ്‌തകം മാത്രം വായിച്ച് ആർ.എസ്.എസ് ആശയം മാത്രം പഠിച്ചാണ് മന്ത്രി വരുന്നത്.
ALSO READ| സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
സജി ചെറിയാൻ രാജിവച്ച് ആർ.എസ്.എസില്‍ ചേരണമെന്നും കേരളത്തിൽ മന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടാലും കേന്ദ്രത്തിൽ പദവി ലഭിക്കുമെന്നും വി.ഡി സതീശൻ പരിഹസിച്ചു. നിയമസഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷം നിയമസഭാങ്കണത്തിൽ ഭരണഘടനയുടെ ശിൽപിയായ അംബേദ്‌ക്കറുടെ പ്രതിമയ്ക്കു മുന്‍പില്‍ നിന്ന് പ്രതിഷേധിച്ചു.