തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എഫ്ഐക്കാരുടെ എല്ലാ തട്ടിപ്പുകൾക്കും കൂട്ടുനിൽക്കുന്നത് സിപിഎം നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവർ ചെയ്യുന്ന എല്ലാ വൃത്തികേടുകൾക്കും സിപിഎം നേതാക്കൾ പിന്തുണ നൽകുകയാണ്. വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് വ്യാപകമായി എസ്എഫ്ഐ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വ്യാജ സർട്ടിഫിക്കറ്റ് നൽകി പ്രവേശനം നേടിയതും വ്യാജരേഖ നൽകി ജോലി നേടിയതും എല്ലാം ഇവയിൽ ചിലത് മാത്രമാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അപഹാസ്യമാക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവരെയെല്ലാം സിപിഎം സംരക്ഷിക്കുകയാണ്. എംഎസ്‌എം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി പ്രവേശനം നേടിയ നിഖിലിനെ സഹായിച്ചത് സിപിഎം നേതാവാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച നേതാവ് ആരെന്ന് കെഎസ്‌യു പറഞ്ഞിട്ടുണ്ട്. നിഖിലിന്‍റെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അടക്കമുള്ളവയില്‍ അതിവേഗത്തിലാണ് എല്ലാ നടപടിയും നടന്നത്. ഇതിൽ നിന്ന് തന്നെ ലഭിച്ച സഹായം വ്യക്തമാണ്.
കോളജ് മാനേജർ തന്നെ, വിഷയത്തില്‍ ഉന്നത സിപിഎം നേതാവ് ഇടപെട്ടുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ആ നേതാവിന്‍റെ പേര് പറയില്ലെന്ന് പറയുന്നത്. എന്നാൽ, കൃത്യമായ പൊലീസ് അന്വേഷണം നടന്നാൽ ഈ വിവരങ്ങൾ എല്ലാം പുറത്തുവരും. മാധ്യമങ്ങളോട് പറയുന്നതുപോലെ സമ്മർദം ചെലുത്തിയ നേതാവിന്‍റെ പേര് പൊലീസിനോട് പറയാന്‍ ഇയാള്‍ക്ക് കഴിയില്ല. ആരും തട്ടിപ്പിന് പിന്നാലെ അന്വേഷിച്ച് പോകില്ലെന്ന് കരുതിയാണ് നിഖിലിന്‍റെ സർട്ടിഫിക്കറ്റ് ഒറിജിനൽ ആണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ന്യായീകരിച്ചത്. എന്നാൽ, രണ്ട് സർവകലാശാലകളും ഈ ന്യായീകരണം കാറ്റിൽ പറത്തിയെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്ന് പ്രതിപക്ഷ നേതാവ് : കേരള വിസി ന്യായമായ കാര്യമാണ് ചോദിച്ചത്. കായംകുളം എംഎസ്‌എം കോളജിൽ പഠിക്കുന്ന അതേസമയത്താണ് കലിംഗയിലും ഡിഗ്രി കോഴ്‌സ് ചെയ്‌തുവെന്ന് നിഖില്‍ പറയുന്നത്. ഇതെങ്ങനെ സാധ്യമാകും എന്നാണ് വിസി ചോദിച്ചത്. നിഖിൽ ഡിഗ്രി ചെയ്‌ത ഇതേ എംഎസ്‌എം കോളജിലാണ് എംകോമിന് അഡ്‌മിഷൻ എടുത്തത്. അധ്യാപകർക്ക് അടക്കം നിഖിലിനെ വ്യക്തമായി അറിയാം. അപ്പോൾ പിന്നെ ഡിഗ്രി പാസാകാതെയാണ് നിഖിൽ അഡ്‌മിഷൻ നേടിയത് എന്ന വിവരം അധ്യാപകർക്ക് കൃത്യമായി അറിയാം എന്ന് സാരം.
സിപിഎം നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയാണ് അധ്യാപകരും പ്രിൻസിപ്പാളും ഈ കുറ്റകൃത്യത്തിന് കൂട്ടുനിന്നത്. എസ്എഫ്ഐക്കാരായ എല്ലാ തട്ടിപ്പുകാരെയും സിപിഎം സംരക്ഷിക്കുകയാണ്. വ്യാജ രേഖ ഉണ്ടാക്കി, ജോലി നേടിയ കെ വിദ്യയേയും നിഖിലിനേയും സിപിഎം സംരക്ഷിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കുകയും നിരപരാധികളെ വേട്ടയാടുകയുമാണ് കേരളത്തിലെ പൊലീസ് ചെയ്യുന്നതെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.