തിരുവനന്തപുരം: അക്രമത്തിന് ആഹ്വാനം ചെയ്‌തു എന്നതിന്‍റെ പേരിലാണ് കേസ് എങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ പേരിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെക്രട്ടേറിയറ്റ് സമരത്തിന് ശേഷം ഒരുപാട് പൊതുപരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും അറസ്റ്റ് ചെയ്യാതെ ഇപ്പോൾ നടപടി എടുത്തിരിക്കുന്നത് രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (VD Satheesan).
ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തി കഴിഞ്ഞപ്പോഴാണ് പൊലീസ് വീട് വളഞ്ഞ് ആറസ്‌റ്റ് ചെയ്‌തത്. വീട്ടിലെത്തിയതിന് പിന്നാലെ അവിടെയെത്തി പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് മനഃപൂര്‍വ്വം മുന്‍കൂട്ടി തീരുമാനിച്ചിട്ടുള്ള കാര്യമായിരുന്നു. അത്രമാത്രം പകയും വിദ്വേഷവുമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള ഏറ്റവും വലിയ വിദ്വോഷം കേരളത്തിലെ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുന്ന ചെറുപ്പക്കാരന്‍ എന്ന നിലയിലുള്ള വൈരാഗ്യവും വിരോധവുമാണ് (Rahul Mamkootathil's Arrest).
പ്രതിഷേധക്കാരെ ചെടിച്ചട്ടി കൊണ്ട് തലക്കടിച്ചതിന്‍റെ കാരണക്കാരൻ മുഖ്യമന്ത്രിയാണ്. ജനാധിപത്യപരമായി പെരുമാറുന്ന പ്രതിഷേധക്കാരോട് സർക്കാർ കാണിക്കുന്ന ക്രൂരതയുടെ തെളിവാണ് രാഹുലിന്‍റെ അറസ്റ്റ്. ഇത് കൊണ്ട് യൂത്ത് കോൺഗ്രസിനെയും കോൺഗ്രസിനെയും യുഡിഎഫിനെയും ഇല്ലാതാക്കാനാകില്ല.
എംവി ഗോവിന്ദനെ പരിഹസിച്ച് വിഡി സതീശന്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കേസുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദന്‍ നേരത്തെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇക്കാര്യത്തിലും വിഡി സതീശന്‍ പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്ഥിരമായി വിവരക്കേട് പറയുന്നയാളാണെന്നും ഇവരൊക്കെ ആണല്ലോ പാർട്ടിയെ സംസ്ഥാനതലത്തിൽ നയിക്കുന്നതെന്നും സതീശൻ പരിഹസിച്ചു (Case Against Rahul Mamkootathil).
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ ഹീറോ ആക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ജാമ്യം കിട്ടാൻ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി. കോടതി പരിശോധിച്ചപ്പോൾ അത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് മനസിലായെന്നും അങ്ങനെയാണ് കോടതി ജയിലിൽ അടച്ചതെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞിരുന്നു.
എസ്എച്ച്‌ഒക്കെതിരെയും വിമര്‍ശനം: കന്‍റോണ്‍മെന്‍റ് എസ്എച്ച് ഒക്കെതിരെയും വിഡി സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മുകളിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് മോശമായ പെരുമാറ്റമാണ് എസ്എച്ച്ഒയുടെ ഭാഗത്ത് നിന്നുമുണ്ടായത്. രാഹുലിനെ ജയിലിൽ എത്തിക്കുന്നത് വരെ കൻ്റോൺമെൻ്റ് എസ്എച്ച്ഒ ഏറ്റവും മോശമായാണ് പെരുമാറിയതെന്നും വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു.
Also Read: രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചില്ല, നടന്നത് താരപരിവേഷത്തിനുള്ള ശ്രമം : പിഎ മുഹമ്മദ് റിയാസ്