തിരുവനന്തപുരം: കെ.എസ് ശബരിനാഥനെ ജയിലില്‍ അടയ്ക്കാന്‍ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിയുടെ ജാമ്യവിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്ട്രീയപ്രേരിതമായാണ് കള്ളക്കേസില്‍ കുടുക്കിയത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ ഓഫിസിനും കിട്ടിയ തിരിച്ചടിയാണ് കോടതി ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.
ശബരിനാഥനെ ജയിലില്‍ അടയ്ക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്നത്. വിമാനത്തില്‍ നടന്നത് വധശ്രമമല്ല, പ്രതിഷേധം മാത്രമായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നിട്ടും, വധശ്രമം ചുമത്തി ശബരിനാഥിനെ ജയിലില്‍ അടയ്ക്കാനുള്ള ഗൂഢാലോചനയാണ് ജാമ്യം ലഭിച്ചതോടെ തകര്‍ന്നുപോയത്. സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട സമരം ഇനിയും തുടരും.
'ഭൂമി ഉരുണ്ടതാണെന്ന് ഓര്‍ക്കണം': രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതും സജി ചെറിയാന്‍ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതും എം.എം മണി സ്ത്രീത്വത്തെ അപമാനിച്ചതും സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ്. പക്ഷേ, ഭൂമി ഉരുണ്ടതാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. എല്ലാം കഴിഞ്ഞ് ഇപ്പോഴും സ്വര്‍ണക്കടത്ത് കേസ് ബാക്കി നില്‍ക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യത്തില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുകയാണ്. നിയമസഭ സമ്മേളനം അവസാനിക്കുന്നതോടെ യു.ഡി.എഫ് വീണ്ടും സമരത്തിലേക്ക് പോകുമെന്നും സതീശന്‍ വ്യക്തമാക്കി.
ALSO READ| കെഎസ് ശബരിനാഥന് ജാമ്യം, തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം