തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടേറിയ വട്ടിയൂര്‍ക്കാവില്‍ മാലിന്യ നിര്‍മാര്‍ജത്തിന് പരിഹാരം ഇല്ലെന്ന പരാതിയിൽ വോട്ടര്‍മാർ. നിയോജക മണ്ഡലത്തിലെ പേരൂര്‍ക്കട മാര്‍ക്കറ്റില്‍ കൂമ്പാരമായാണ് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്. മാസങ്ങളായി കെട്ടിക്കിടന്ന് ചീഞ്ഞു നാറുന്ന മാലിന്യങ്ങള്‍ മാറ്റാത്തതിനാല്‍ പ്രതിഷേധം കടുത്തതോടെയാണ് നഗരസഭ മാലിന്യം നീക്കാന്‍ നടപടി ആരംഭിച്ചത്.
നഗരസഭയുടെ നേതൃത്വത്തിൽ വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് പ്ലാസ്റ്റിക് ബാഗുകളിലാക്കി പേരൂര്‍ക്കട മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. ഇവിടെ നിന്നും മാലിന്യം നീക്കാന്‍ ടെന്‍ഡര്‍ എടുത്ത കമ്പനി വാഹനങ്ങളില്‍ ഇവ തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോകുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ കുറേ മാസമായി മാലിന്യം നീക്കല്‍ നടക്കുന്നില്ല. ഈ മാലിന്യങ്ങളാണ് പൊട്ടി ഒലിച്ച് ദൂര്‍ഗന്ധം വമിക്കുന്നത്. മാലിന്യം കെട്ടിക്കിടക്കുന്നതിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിൽ കച്ചവടക്കാരാണ് ഏറെയും.
അതേസമയം പ്രതിഷേധം കടുത്തതോടെ മാലിന്യങ്ങള്‍ നീക്കാനുള്ള നടപടി ആരംഭിച്ചു. മഴ കാരണമാണ് മാലിന്യം നീക്കുന്നതില്‍ കാലതാമസം വന്നതെന്നാണ് വിശദീകരണം. തിരുവനന്തപുരം മേയര്‍ കൂടി സ്ഥാനാർഥിയായ വട്ടിയൂര്‍ക്കാവില്‍ വരും ദിവസങ്ങളില്‍ വികസനത്തിന് പുറമേ മാലിന്യ നിര്‍മാര്‍ജനത്തിലെ പോരാഴ്മകളും ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.