തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ പ്രചാരണ പോസ്‌റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം ഗുരുതരമായ അച്ചടക്കലംഘനമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു. അട്ടിമറി ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് ജോൺസൺ എബ്രഹാം അധ്യക്ഷനായ കമ്മിറ്റി പരിശോധിക്കും. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ അട്ടിമറിശ്രമം നടന്നതായി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് വിശദ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്. റിപ്പോർട്ട് കിട്ടിയ ശേഷം തുടര്‍നടപടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാര്‍ഥി വീണയുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ ആക്രിക്കടയില്‍
വ്യാഴാഴ്‌ചയാണ് യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ പോസ്‌റ്ററുകൾ തിരുവനന്തപുരത്തെ ആക്രിക്കടയിൽ എത്തിയത്. വിവിധ ഡിസൈനിലുള്ള 50 കിലോ പോസ്റ്ററുകൾ ഒരു കോൺഗ്രസ് പ്രവർത്തകനാണ് 500 രൂപയ്ക്ക് വിറ്റത്. അതേസമയം സ്ഥാനാർഥി വീണ എസ്. നായർ കെപിസിസി പ്രസിഡന്‍റിനെ നേരിൽ കണ്ട് പരാതി നൽകി. അന്വേഷണം നടത്തി വീഴ്‌ചയുണ്ടെന്ന് കണ്ടാൽ നടപടിയെടുക്കുമെന്ന് മുല്ലപ്പള്ളി ഉറപ്പ് നൽകിയതായി വീണ പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: ഉപയോഗിക്കാത്ത പോസ്റ്റര്‍ ആക്രികടയില്‍; പാര്‍ട്ടി അന്വേഷിക്കട്ടയെന്ന് വീണ