തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യുഡിഎഫ് വോട്ടുകൾ എൽഡിഎഫിന് മറിച്ചുവെന്ന ആരോപണവുമായി ബിജെപി. കെ.മുരളീധരന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയെ സഹായിക്കുന്ന നടപടികളാണ് തെരഞ്ഞെടുപ്പിൽ നടന്നതെന്നും മുൻ തെരഞ്ഞെടുപ്പിൽ ലഭിച്ച സഹായത്തിനുള്ള പ്രത്യുപകാരമാണെന്നും ബിജെപി സ്ഥാനാർഥി എസ്.സുരേഷ് ആരോപിച്ചു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കാനായി ഇടതുമുന്നണിയിൽ നിന്നും ലഭിച്ച സഹായങ്ങൾക്ക് കെ.മുരളീധരന്റെ പ്രത്യുപകാരമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ വി.കെ.പ്രശാന്തിന് അനുകൂലമായി ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന ഇന്നലെ കോൺഗ്രസിന്റെ മിക്ക ബൂത്ത് ഓഫീസുകളും ശൂന്യമായിരുന്നു. കെ.മുരളീധരനും എ ഗ്രൂപ്പും മോഹൻകുമാറിനെതിരെ പ്രവർത്തിച്ചുവെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നുണ്ട്. ബിജെപിയെ തോൽപ്പിക്കാനാണ് ഈ ശ്രമങ്ങളെന്നും സുരേഷ് പറഞ്ഞു.
വട്ടിയൂർക്കാവിൽ നടന്നത് ശക്തമായ ത്രികോണ മത്സരമാണ്. ആര് ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിലാകും ജയം. എൻഎസ്എസ് നിലപാട് കോൺഗ്രസ് അനുകൂലമെന്ന് വിശ്വസിക്കുന്നില്ല. വികസനവും വിശ്വാസ സംരക്ഷണവുമെന്ന ബിജെപി പ്രചരണം വട്ടിയൂർക്കാവിലെ വോട്ടർമാർ സ്വീകരിക്കുമെന്ന വിശ്വാസമാണുള്ളതെന്നും സുരേഷ് ഇടിവി ഭാരതിനോട് വ്യക്തമാക്കി.