തിരുവനന്തപുരം : സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചുതകര്‍ത്തതായി ആരോപണം. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള മേലത്തുമേൽ ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഞായറാഴ്‌ച രാത്രി ഒരു സംഘം തകർത്തത്. ഡി.വൈ.എഫ്.ഐ പാളയം ഏരിയ ജോയിന്‍റ് സെക്രട്ടറി രാജീവ്, പാളയം ഏരിയ വൈസ് പ്രസിഡന്‍റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആക്ഷേപം.
ഓഫിസിലെ ഫർണിച്ചറുകൾ അക്രമിസംഘം തകർത്തു. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. അതേസമയം, സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.