തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ വന്ദേഭാരത് എക്‌സ്‌പ്രസ് പ്രഖ്യാപിച്ചതിനാല്‍ കെ റെയിലിൽ നിന്ന് സംസ്ഥാനം പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തിലും കൊണ്ടുവരണം. കെ റെയിൽ ബജറ്റിൽ പരാമർശിക്കാത്തത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് സാഹചര്യം പരിഗണിക്കാതെയുള്ള കേന്ദ്ര ബജറ്റ് നിരാശാജനകമാണ്. കേന്ദ്ര ബജറ്റ് കൊവിഡും സാമ്പത്തിക മാന്ദ്യവും പരിഗണിച്ചില്ല. സാമ്പത്തിക നിലമെച്ചപ്പെട്ടുവെന്ന തെറ്റായ അവകാശവാദമാണ് ധനമന്ത്രി ഉയർത്തിയിരിക്കുന്നത്. സാമ്പത്തികനില ഉയർത്താനുള്ള അവസരങ്ങൾ വിനിയോഗിച്ചില്ല.
ALSO READ: 'പ്രതിസന്ധി കാലത്തെ നേരിടാനൊന്നുമില്ലാത്ത നിരാശപ്പെടുത്തുന്ന ബജറ്റ്': കെ.എന്‍.ബാലഗോപാല്‍.
അടിസ്ഥാന സൗകര്യവികസനത്തിനുള്ള പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇവ സമയബന്ധിതമായി നടപ്പിലാക്കണം. ജി.എസ്.ടി വരുമാനം മറ്റു സംസ്ഥാനങ്ങളിൽ മെച്ചപ്പെട്ടു. എന്നാൽ കേരളത്തിൽ എന്തുകൊണ്ട് കുറഞ്ഞുവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നികുതി വരുമാനം കുറഞ്ഞ പശ്ചാത്തലത്തിൽ ജി.എസ്.ടി നഷ്‌ടപരിഹാരം കേന്ദ്രം അനുവദിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.