തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകളുടെ റിപ്പോര്‍ട്ട് നൽകാൻ വകുപ്പു മേധാവികള്‍ക്ക് മന്ത്രിസഭ യോഗം നിര്‍ദേശം നല്‍കി. ഇതിൻ്റെ മേല്‍നോട്ട ചുമതല ചീഫ് സെക്രട്ടറിക്കാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉള്‍പ്പെടെ നിരവധി റാങ്ക് ഹോള്‍ഡര്‍മാരാണ് നിയമനം ആവശ്യപ്പെട്ട് ദിവസങ്ങളായി സമരം നടത്തുന്നത്. ഇവര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായി. ഈ സാഹചര്യത്തില്‍ ഉദ്യോഗാർഥികളുടെ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ അടിയന്തിരമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
സംസ്ഥാനത്തെ ട്രൈബല്‍ മേഖലകളിലെ ഏകാധ്യാപക വിദ്യാലയങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 344 അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. അതേ സമയം ശക്തമായ യുവരോഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് താൽകാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം മാറ്റി വച്ചു.