തിരുവനന്തപുരം: ഹയർസെക്കൻഡറി ഫലം സംബന്ധിച്ച് വ്യാജ വാർത്ത നൽകിയ ആളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും കേരളത്തിൽ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയിലെ തീവ്രവാദ പ്രവർത്തനമാണിത്. താമര ചിഹ്നത്തിൽ വാർഡ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ബിജെപി പ്രവർത്തകനാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വം ഇത്തരം പ്രവർത്തനത്തിനെതിരെ പരിശോധിച്ച് നടപടിയെടുക്കണം. കൊല്ലം പോരുവഴി അമ്പലത്തുംഭാഗത്തിലെ ബിജെപി വാർഡ് മെമ്പർ നിഖിൽ മനോഹറാണ് (28) പിടിയിലായത്. രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷാഫലം റദ്ദാക്കി എന്ന വ്യാജ വാർത്ത നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതിനാണ് അറസ്റ്റ്. 'വി കാൻ മീഡിയ' എന്ന തന്‍റെ യൂട്യൂബ് ചാനലിലാണ് പ്രതി വീഡിയോ അപ്‌ലോഡ് ചെയ്‌തത്. ഈ വീഡിയോയ്‌ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും പൊലീസ് നിയമനടപടി സ്വീകരിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. ഈ കഴിഞ്ഞ 25ാം തിയതിയാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്.
ALSO READ | പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനത്തില്‍ ഒന്നാമത് എറണാകുളം
പ്രതിയെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിൽ എത്തിച്ചു: ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കാതെയാണ് ഫലം പ്രഖ്യാപിച്ചതെന്നും അതിനാൽ പുനഃപ്രസിദ്ധീകരിക്കുമെന്നുമായിരുന്നു വീഡിയോയിലൂടെ നിഖിൽ പറഞ്ഞത്. ഹയർസെക്കൻഡറി വിജയം കൈവരിച്ച മൂന്നര ലക്ഷത്തോളം വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തുകയാണ് പ്രതി ചെയ്‌തത്. ഇത് സംബന്ധിച്ച് നിരവധി കോളുകൾ വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കുമടക്കം വന്നിട്ടുണ്ടെന്നും ഇത്തരം രാജ്യദ്രോഹ പ്രവർത്തനം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
മുൻ വർഷത്തെ ഫലങ്ങളേക്കാള്‍, സമയപ്രകാരം പ്രസിദ്ധീകരിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവേശനോത്സവം ജൂൺ മാസം ഒന്നാം തിയതി വ്യാഴാഴ്‌ച നടക്കും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ ഗവ. വിഎച്ച്‌എസ്‌എസ് മലയൻകീഴിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രവേശനോത്സവത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും വിവിധ വകുപ്പുകളേയും വിഭാഗങ്ങളേയും പുതിയ അധ്യയന വർഷത്തിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്.
ആഭ്യന്തരവകുപ്പ്, ഗതാഗത വകുപ്പ്, വൈദ്യുതി വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജലവിഭവ വകുപ്പ്, പട്ടികജാതി പട്ടിക വികസന വകുപ്പ്, വനം വകുപ്പ് എന്നിവരെ ഒരുമിച്ച് നിർത്തിയാണ് പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പ്രവേശനോത്സവഗാനം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്‌തു.
പ്ലസ് ടു പരീക്ഷയെഴുതിയത് 4,32,436 വിദ്യാര്‍ഥികള്‍: പ്ലസ്‌ടുവിന് 82.95 ശതമാനവും വിഎച്ച്എസ്‌ഇക്ക് 78.39 ശതമാനവുമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ തവണ പ്ലസ് ടു വിജയ ശതമാനം 83.87, വിഎച്ച്എസ്‌ഇയിൽ 78.26 എന്നിങ്ങനെയായിരുന്നു. പ്ലസ് ടുവിന് 4,32,436 കുട്ടികളും വിഎച്ച്എസ്‌ഇയില്‍ 28,495 കുട്ടികളുമാണ് പരീക്ഷയെഴുതിയത്. പ്ലസ് ടു വിഭാഗത്തിൽ 33,815 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.