തിരുവനന്തപുരം: സംസ്ഥാനത്തെ ബോയ്‌സ്/ഗേൾസ് സ്‌കൂളുകൾ മുഴുവനും ഉടൻ മിക്‌സഡ് ആക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അടുത്ത അധ്യയന വർഷം മുതൽ ബോയ്‌സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സർക്കാർ 18 സ്‌കൂളുകളെ മിക്‌സഡ് സ്‌കൂളുകൾ ആക്കാനുള്ള അനുവാദം നൽകിയിട്ടുണ്ട്. പെട്ടെന്ന് എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കാൻ കഴിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, പിടിഎയുടെയും തീരുമാനങ്ങൾ പരിഗണിക്കണം.
അതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് ആലോചിച്ച് പഠനം നടത്തും. ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കാൻ സാവകാശം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ ഫലം വേഗത്തിൽ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രത്തിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഇത് നിരുത്തരവാദപരമായ സമീപനമാണ്. ഈ നീക്കം അൺ എയ്‌ഡഡ് വിദ്യാലയങ്ങളെ സഹായിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിൽ കേസ് വന്നിട്ടും ഫലം പ്രഖ്യാപിക്കുന്നില്ല. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചിട്ട് 38 ദിവസം കഴിഞ്ഞു. അനന്തമായി പ്ലസ് വൺ പ്രവേശനം നീട്ടിക്കൊണ്ടു പോകാനാകില്ല. സിബിഎസ്ഇ കുട്ടികൾക്കും അഡ്‌മിഷൻ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
READ MORE: ബോയ്‌സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ