തിരുവനന്തപുരം: പൊതുപരിപാടിക്കിടെ ഭിന്നശേഷി വിദ്യാർഥി ആവശ്യപ്പെട്ട ഫുട്ബോൾ വീട്ടിലെത്തിച്ച് മന്ത്രി വി ശിവൻകുട്ടി. കൊല്ലം ജില്ല പഞ്ചായത്തിന്‍റെ മോട്ടോറൈസ്‌ഡ് വീൽചെയർ വിതരണം ചെയ്യവേയാണ് 13 കാരന്‍ ശ്രീഹരി മന്ത്രിയോട് പന്ത് ആവശ്യപ്പെട്ടത്
കുട്ടികളുമായി ആശയവിനിമയം നടത്തവെയാണ് ശ്രീഹരി മന്ത്രിയോട് പന്ത് ആവശ്യപ്പെട്ടത്. നൽകാമെന്ന് മന്ത്രി ഉറപ്പു പറഞ്ഞു. താൻ ഒപ്പിട്ട പന്ത് ശ്രീഹരിക്കെത്തിക്കാൻ എസ്.എഫ്.ഐ കൊല്ലം ജില്ല സെക്രട്ടറി അനന്തുവിനെ ചുമതലപ്പെടുത്തി.
തുടര്‍ന്ന് സംഘടനയുടെ ചവറ ഏരിയ കമ്മിറ്റി ഭാരവാഹികൾ കൊല്ലം പൊന്മനയിലെ കുട്ടിയുടെ വീട്ടില്‍ പന്ത് എത്തിച്ചു നല്‍കി.
ജനിച്ചപ്പോൾ മുതൽ ശ്രീഹരി കിടപ്പിലായിരുന്നു. വീടിനടുത്തുള്ള ഫുട്ബോൾ താരം ശ്രീവിഷ്‌ണു കളിയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന കഥകള്‍ ശ്രീഹരിയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളിയായ പിതാവ് പറയുന്നു. മെസിയാണ് ശ്രീഹരിയുടെ ഇഷ്‌ടതാരം.
ബിജുവിന്‍റെയും ജലജയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളായ ശ്രീഹരി ശങ്കരമംഗലം ഗേള്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.