തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്ന കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെ തള്ളുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നിർദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തീരുമാനം നടപ്പാക്കുക കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദഗ്‌ധരുമായും അധ്യാപക സംഘടനകളുമായും വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിന്‍റെ സാഹചര്യത്തിന് അനുസരിച്ചേ തീരുമാനം നടപ്പാക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് ഒന്നാം ക്ലാസിൽ ആറു വയസ് പൂർത്തിയായവർ മാത്രം അഡ്‌മിഷൻ നൽകിയാൽ മതിയെന്ന് കേന്ദ്ര നിർദേശം ആവർത്തിച്ചത്. കഴിഞ്ഞ അധ്യായന വർഷവും നിർദേശം ഉണ്ടായെങ്കിലും സംസ്ഥാനത്തെ സ്‌കൂളുകളിൽ അഞ്ച് വയസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നൽകിയിരുന്നു. ആറു വയസ് എന്ന നിബന്ധന വന്നാൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒരു വർഷം ഒന്നാം ക്ലാസിൽ വിദ്യാർഥികൾ ഇല്ലാതെയാവും.
നിലവിൽ സംസ്ഥാനത്തെ കുട്ടികൾ ആറ് വയസ് പൂർത്തിയാക്കിയവർ രണ്ടാം ക്ലാസിൽ കയറ്റം ലഭിക്കുന്നവരാണ്. മൂന്നേകാൽ ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാന സിലബസിലുള്ള സ്‌കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നത്. കേന്ദ്ര നിർദേശം ആവർത്തിച്ചിട്ടും നടപ്പിലാക്കിയില്ലെങ്കിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ പദ്ധതികൾക്ക് ആഘാതം വരുമോ എന്ന ആശങ്കയുണ്ട്.