തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നടത്തിയ ആരോപണം അസംബന്ധമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കെ ചന്ദ്രശേഖര റാവു പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ വ്യാജമാണെന്ന് മുരളീധരൻ ആരോപിച്ചു. നാല് എംഎൽഎമാരെ കൂറുമാറ്റി തെലങ്കാനയിൽ സർക്കാരിനെ അട്ടിമറിക്കാനാകുമോയെന്നും മുരളീധരൻ ചോദിച്ചു.
തെലങ്കാനയിലെ ബിജെപിയുടെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും അറസ്റ്റിലായ മൂന്ന് ഏജന്‍റുമാരും ബന്ധപ്പെട്ടത് തുഷാറിനെയായിരുന്നു എന്നുമായിരുന്നു കെസിആറിൻ്റെ ആരോപണം. സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്‍റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നു എന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിൽ ആരോപിച്ചത്. കേസിൽ അറസ്റ്റിലായ മൂന്ന് ഏജൻ്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്‍റെ ഫോൺ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.
100 കോടിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാൻ തുഷാര്‍ വാഗ്‌ദാനം ചെയ്‌തത്. ഇതിന്‍റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി മുരളീധരൻ്റെ പ്രതികരണം.