തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളോടും അവർക്ക് വേണ്ടി പോരാടുന്ന ദയാബായിയോടും ക്രൂരമായാണ് സംസ്ഥാന സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് മന്ത്രിമാർ ചർച്ച നടത്തി നൽകിയ ഉറപ്പുകൾ രേഖയായി നൽകിയപ്പോൾ ഒഴിവാക്കി കബളിപ്പിക്കുകയാണ് ചെയ്‌തത്. ആരോഗ്യ മന്ത്രിക്ക് എൻഡോസൾഫാൻ ഇരകളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്ന് സംശയിക്കാവുന്നതാണ് ഈ നടപടികൾ.
ചികിത്സാസൗകര്യമാണ് ഇരകളുടെ പ്രധാന ആവശ്യം. ന്യൂറോ രോഗികളാണ് കൂടുതലുള്ളത്. അതുകൊണ്ടാണ് ന്യൂറോളജി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ച് ഇരകളെ കണ്ടെത്തണം. ഇവയെല്ലാം നടപ്പാക്കാൻ സർക്കാരിന് എന്താണ് ബുദ്ധിമുട്ടെന്ന് മനസിലാകുന്നില്ല. എല്ലാ ആവശ്യങ്ങളും സർക്കാർ നിരാകരിക്കുകയാണ്.
ദയാബായിയെ പോലെ ഒരാൾ 16 ദിവസം സമരം ചെയ്‌തിട്ടാണ് സർക്കാർ തിരിഞ്ഞ് നോക്കിയത്. മനുഷ്യത്വഹീനമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എല്ലാ ജനകീയ സമരത്തോടും സർക്കാർ ഇത്തരം സമീപനമാണ് സ്വീകരിക്കുന്നത്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളോടുള്ള സമരത്തോടും ഈ നിലപാടാണ് സർക്കാറിനുള്ളത്. മുഖ്യമന്ത്രി ചർച്ച നടത്തിയാൽ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊവിഡ് കാലത്ത് പുര കത്തുമ്പോൾ വാഴവെട്ടുകയാണ് സർക്കാർ ചെയ്‌തത്. കൊവിഡ് കാലത്ത് നടത്തിയ അഴിമതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും സതീശൻ വ്യക്തമാക്കി.